X
    Categories: indiaNews

സി.ബി.എസ്.ഇ പാഠപുസ്തകങ്ങളും ഇടിച്ചു നിരത്തുന്നു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ സര്‍വത്ര വെട്ടി നിരത്തല്‍. 10-ാം തരം പുസ്തകത്തില്‍ മതം, വര്‍ഗീയത, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി.

മതനിരപേക്ഷതയെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകത്തില്‍ നിന്ന് നീക്കിയത്. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാര്‍ട്ടൂണ്‍ ചിത്രവുമാണ് ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നത്.

ആക്ടിവിസ്റ്റുകളായ ഹര്‍ഷ് മന്ദറും, ഷബ്‌നം ഹാഷ്മിയുമടക്കമുള്ളവര്‍ അംഗങ്ങളായ സന്നദ്ധ സംഘടനയാണ് ആദ്യത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. മറ്റൊരു സന്നദ്ധ സംഘടനയായ വൊളണ്ടറി ഹെല്‍ത്ത് അസോസിയേഷനാണ് രണ്ടാമത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. ഭരണാധികാരികള്‍ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാര്‍ട്ടൂണ്‍. കൊല്‍ക്കത്ത സര്‍ലകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ ഹരി വസുദേവന്‍ 2005ല്‍ തയ്യാറാക്കിയതാണ് പാഠപുസ്തകം. അന്ന് മുതല്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പാഠഭാഗമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.

പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം 11,12 ക്ലാസുകളിലെ രാഷ്ട്രമീമാംസ, ചരിത്ര പുസ്തകങ്ങളില്‍ നിന്നും ചേരിചേരാ നയം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യന്‍ മേഖലകളിലെ ഇസ്്‌ലാമിക സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച, മുഗള്‍ സാമ്രാജ്യ ഇതിഹാസങ്ങള്‍, വ്യവസായിക വിപ്ലവം എന്നീ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടിയുടെ ശുപാര്‍ശ പ്രകാരമാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Chandrika Web: