ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ പാറ്റ്‌നയിലെ വീട്ടിൽ വെച്ച് സി.ബി.ഐ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെ, മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി ഇന്ന് മകൾ മിസാ ഭാരതിയുടെ പണ്ടാര റോഡിലെ വീട്ടിൽ എത്തി.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സി.ബി.ഐ ലാലു പ്രസാദ് യാദവിന്റെ വീട്ടിലും എത്തിയത്.
കത്തിൽ ഒപ്പിട്ടവരിൽ റാബ്രി ദേവിയുടെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ഉൾപ്പെടുന്നു. കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്ന പ്രതിപക്ഷ നേതാക്കളിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലു പ്രസാദ് യാദവിനെ ഉൾപ്പടെ ഉണ്ടെന്ന് പരാമർശിച്ചായിരുന്നു പരാമർശിച്ചായിരുന്നു കത്ത്.
കേസിൽ ലാലു യാദവ്, റാബ്‌റി ദേവി, അവരുടെ മകളായ മിസ, ഹേമ എന്നിവരും ഉൾപ്പെടുന്നു. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നൽകിയ ജോലികൾക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നതാണ് 2022 മേയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ആരോപിക്കുന്നത്..