X
    Categories: CultureMoreNewsViews

മോദിയുടെ ഉറക്കം കെടുത്തിയത് ആ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പുറത്താക്കലിന് ഏതാനും ദിവസം മുമ്പാണ് സി.ബി.ഐ ആസ്ഥാനത്തെ അലോക് വര്‍മ്മയുടെ ഓഫീസില്‍ നിര്‍ണായകമായ ആ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചക്ക് എത്തിയത് മറ്റാരുമായിരുന്നില്ല, ബി.ജെ.പിയിലെ മോദി വിരുദ്ധ ക്യാമ്പിനെ നയിക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവര്‍. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. റഫാല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടായിരുന്നു കൂടിക്കാഴ്ചയില്‍ ഇവര്‍ പ്രധാനമായും സി.ബി.ഐ ഡയരക്ടറുമായി ചര്‍ച്ച ചെയ്തത്. അഴിമതി സംബന്ധിച്ച ചില നിര്‍ണായക രേഖകളും അവര്‍ സി.ബി.ഐ ഡയരക്ടര്‍ക്ക് കൈമാറി. കേന്ദ്ര സര്‍ക്കാറിന്റെ ഉറക്കംകെടുത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച.
കൈമാറിയ രേഖകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനു മുതിര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പല കൊമ്പന്മാരും പ്രതിരോധത്തിലാകും. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കുന്ന വേളയില്‍. റഫാല്‍ ഇടപാടിലെ രേഖകളുമായി വന്നവരെ അലോക് വര്‍മ്മ നേരില്‍ കണ്ടത്, കേസില്‍ അദ്ദേഹത്തിനുള്ള താല്‍പര്യം കൂടിയായി വിലയിരുത്തപ്പെട്ടതോടെയാണ് കേന്ദ്രം അറ്റകൈ പ്രയോഗം പുറത്തെടുത്തത്. കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ അലോക് വര്‍മ്മ ഉന്നയിച്ച കാര്യങ്ങളും ഇത് ശരിവെക്കുന്നതായിരുന്നു. ഉന്നതരുള്‍പ്പെട്ട കേസന്വേഷണ കാര്യങ്ങളില്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ ഉടക്കുവെച്ചു, സുപ്രീംകോടതി നേരിട്ടു നിരീക്ഷിക്കുന്ന കേസുകള്‍ അടക്കം അതിപ്രധാനമായ ചില കേസുകള്‍ പോലും ഇക്കൂട്ടത്തിലുണ്ട് എന്ന വാദം അസ്താനക്കു പിന്നില്‍ മറ്റു ചില കരങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു.
മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ടും അലോക് വര്‍മ്മ കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ജഡ്ജിമാര്‍ ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ സി.ബി.ഐ കുറ്റപത്രം അലോക് വര്‍മ്മയുടെ മേശപ്പുറത്ത് എത്തിയിരുന്നതായാണ് വിവരം. ഡയരക്ടര്‍ ഒപ്പുവെക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. പല വമ്പന്‍ സ്രാവുകളും കെണിയിലാകുമായിരുന്നു. ഒരു രാത്രികൊണ്ട് അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള പ്രേരണ ഇതായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നത്.
അതുകൊണ്ടുതന്നെ അലോക് വര്‍മ്മ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തു തിരിച്ചെത്തുമ്പോള്‍ മോദിക്കും കേന്ദ്ര സര്‍ക്കാറിനും ചങ്കിടിപ്പേറും. നയപരമായ വിഷയങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കുന്നതിന് വര്‍മ്മക്കു മേല്‍ സുപ്രീംകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് മാത്രമാണ് കേന്ദ്ര സര്‍ക്കാറിനുള്ള ഏക ആശ്വാസം. കോടതി വിധിയോടെ ഇനി അലോക് വര്‍മ്മയെ നീക്കണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി വേണം. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ വര്‍മ്മയെ നീക്കുന്നതിനോട് പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അനുകൂലിക്കുമെന്ന് കരുതുന്നില്ല. അതേസമയം ഈ മാസം അവസാനം അലോക് വര്‍മ്മയുടെ കാലാവധി തീരുന്നതിനാല്‍ അതിനു മുമ്പ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കങ്ങളുണ്ടാവുമോ എന്നതും നിര്‍ണായകമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: