ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാപകമായതോടെ അന്വേഷണത്തിന് ഇനി സിബിഐയും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇതുസംബന്ധിച്ച സ്വതന്ത്ര അന്വേഷണ ചുമതല നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ്. എന്നാല്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനപ്രകാരം നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടു മുതലുള്ള നിക്ഷേപങ്ങളെക്കുറിച്ച് സിബിഐക്കും അന്വേഷിക്കാനാകും. അതേസമയം, സിബിഐ അന്വേഷണസംഘത്തിന്റെ തലവനായി ഗുജറാത്ത് കേഡറിലെ അരുണ്‍ ശര്‍മയെ ചുമതലപ്പെടുത്തി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയ പരാതികളും പ്രത്യേക സിബിഐ സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗം വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ സിബിഐക്ക് പ്രത്യേക അന്വേഷണാധികാരം നല്‍കിയതില്‍ ഏറെ പ്രാധാന്യമുണ്ട്.