പറ്റ്‌ന: മരിച്ചതായി കോടതി മുമ്പാകെ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയ സാക്ഷി ജീവനോടെ കോടതിയില്‍. അതും തെളിവു സഹിതം. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. 80കാരിയായ ബദാമി ദേവിയാണ് മുസാഫര്‍പൂര്‍ എം.പി-എം.എല്‍.എ കോടതിയില്‍ നേരിട്ടെത്തി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ജഡ്ജിക്കു മുന്നില്‍ മൊഴി നല്‍കിയത്.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ഇവര്‍ സി.ബി.ഐ നടപടി തന്നെ ഏറെ വേദനിപ്പിച്ചതായി വ്യക്തമാക്കി. 2016 മെയ് 13ന് ബിഹാറിലെ സിവാനില്‍ രാജ്ദിയോ രഞ്ജന്‍ എന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് ബദാമി ദേവി. രാഷ്ട്രീയ ബന്ധമുള്ള കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമങ്ങളുണ്ടായിരുന്നു.
ഏറെ പ്രതിഷേധങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ശേഷമാണ് അന്വേഷണം സി.ബി. ഐക്ക് കൈമാറിയത്. എന്നാല്‍ കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് സി.ബി. ഐയും കൂട്ടുനിന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണ് മരിച്ചെന്നു വിധിയെഴുതിയ സാക്ഷി ജീവനോടെ കോടതിയിലെത്തിയ സംഭവം.ഇക്കഴിഞ്ഞ മെയ് 24നാണ് ബദാമി ദേവി മരിച്ചതായി സി.ബി.ഐ കോടതി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. മാധ്യമങ്ങളില്‍ നിന്നാണ് തന്റെ മരണ വാര്‍ത്ത താന്‍ അറിഞ്ഞതെന്നും ഇത് വേറെ വേദനിപ്പിച്ചെന്നും ബദാമി ദേവി പറഞ്ഞു. ജീവിച്ചിരിപ്പുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ സഹിതമാണ് താന്‍ എത്തിയതെന്നും ബദാമി ദേവി പറഞ്ഞു.
സംഭവത്തില്‍ സി.ബി. ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ജഡ്ജ് പുനീത് കുമാര്‍ ഗാര്‍ഗ് ഉത്തരവിട്ടു. അന്തരിച്ച മുന്‍ എം.പി ഷഹാബുദ്ദീന്‍ അടക്കം എട്ടുപേരെയാണ് രാജ്ദിയോ രഞ്ജന്‍ ധക്കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്നത്. ബദാമി ദേവിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ ഷഹാബുദ്ദീനും കൂട്ടാളികള്‍ക്കും താല്‍പര്യമുണ്ടായിരുന്നു. ഇത് സ്വന്തമാക്കാനായി ഇവര്‍ ചില നീക്കങ്ങള്‍ നടത്തി.
എന്നാല്‍ ഒരു ഹിന്ദി പത്രത്തില്‍ രാജ്ദിയോ രഞ്ജന്‍ റിപ്പോര്‍ട്ട് ചെയ്ത ബദാമിയെ ദേവിയെ കുടിയൊഴിപ്പിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട പരമ്പര വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇതില്‍ പ്രകോപിതരായാണ് രഞ്ജനെ സംഘം വധിച്ചത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പ്രധാന സാക്ഷി മരിച്ചെന്ന് കാണിച്ച് സി.ബി.ഐ കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.