കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ പുനരന്വേഷണ റിപ്പോർട്ട്. ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐയുടെ പുനരന്വേഷണം നടന്നത്.
പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.
2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു.