കൊച്ചി: കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടിക്കടത്ത് ആരോപിക്കപ്പെട്ട കേസില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത്.
ഈ സ്ഥാപനങ്ങളിലേക്ക് 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നുവെന്നായിരുന്നു പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്. പാലക്കാട് റെയില്‍വെ പൊലീസ് യതീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. സാമൂഹിക നീതി വകുപ്പും കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുക്കം, വെട്ടത്തൂര്‍, യതീംഖാനകള്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. സിതബിതഐയോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മുക്കം ഓര്‍ഫനേജിലെ 21 ഭാരവാഹികള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍കേസ് ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വന്നത് കുട്ടിക്കടത്തായി ചിത്രീകരിച്ച് പാലക്കാട് ശിശുക്ഷേമ സമിതിയുടെയും പൊലീസിന്റെയും നീക്കങ്ങളാണ് വര്‍ഷങ്ങള്‍ നീണ്ട സി.ബി.ഐ അന്വേഷണത്തിന് ഒടുവില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് കണ്ടെത്തി കേസ് എഴുതി തള്ളി എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കലില്‍ പര്യവസാനിച്ചത്.
കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് സി.ബി.ഐ പ്രത്യക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുട്ടികളെ കേരളത്തിലെ യതീംഖാനകളില്‍ പ്രവേശിപ്പിക്കാമെന്ന് കേരള സാമൂഹ്യ നീതി വകുപ്പ് 2013 ജൂണ്‍ 22 ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് കേരളത്തിലെ യതീംഖാനകളില്‍ കുട്ടികളെ പ്രവേശിപ്പിക്കാമെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. മുക്കം യതീംഖാനയില്‍ 500 ആണ്‍കുട്ടികളും 1000 പെണ്‍കുട്ടികളെയും പഠിപ്പിക്കാന്‍ സൗകര്യം ഉണ്ടെന്നും, രണ്ട് ദേശീയ അവാര്‍ഡുകള്‍ യതീം ഖാന നടത്തിപ്പ് മികവിന് കേന്ദ്ര സര്‍ക്കാറില്‍ നിന്നും മുക്കം ഓര്‍ഫനേജിന് ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.