X

വീണ്ടും ബാങ്ക് തട്ടിപ്പ്: കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്കെതിരെ 515.15 കോടി തട്ടിയ കേസില്‍ സി.ബി.ഐ കേസെടുത്തു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 515.15 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയതിന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു.

നീരവ് മോദി തട്ടിപ്പ് കേസിനു പിന്നാലെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്യുന്ന അഞ്ചാമത്തെ ബാങ്ക് തട്ടിപ്പ് കേസാണിത്. പത്ത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് കൊല്‍ക്കത്ത ആസ്ഥാനമായ ആര്‍.പി ഇന്‍ഫോ സിസ്റ്റംസ് എന്ന കമ്പനി ബാങ്ക് വായ്പ എടുത്തത്. കമ്പനിയുടെ ഡയരക്ടര്‍മാരായ ശിവജി പാഞ്ച, കൗസ്തവ് റോയ്, വിനയ് ബഫ്‌ന, വൈസ് പ്രസിഡന്റ് ദേബ്‌നാഥ് പാല്‍ എന്നിവര്‍ക്കെതിരെ കനറ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കനറ ബാങ്കിനു പുറമെ എസ്.ബി.ഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്.

ചിരാഗ് എന്ന പേരില്‍ ലാപ് ടോപ്, ഡസ്‌ക് ടോപ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുകയും, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിങ് തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയാണ് ആര്‍.പി ഇന്‍ഫോ സിസ്റ്റംസ്. വായ്പ എടുക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക സ്ഥിതി പെരുപ്പിച്ചു കാണിക്കുന്ന കൃത്രിമ രേഖകളാണ് നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

chandrika: