തിരുവനന്തപുരം: കേരളത്തില്‍ സിബിഐ അന്വേഷണത്തിന് തടയിട്ട് സംസ്ഥാന സര്‍ക്കാര്‍. സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താന്‍ ഉണ്ടായിരുന്ന അനുമതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്താന്‍ പാടില്ല. ഇതിനു പിന്നാലെയാണ് കേരളവും സിബിഐക്കുള്ള പൊതുസമ്മതം എടുത്തു കളയുന്നത്.
കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് സിപിഎം പോളിറ്റ് ബ്യൂറോ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്.