X

വിമാന ഇടപാടുകളില്‍ സി.ബി.ഐ അന്വേഷണം

ന്യുഡല്‍ഹി: യു.പി.എ സ ര്‍ ക്കാ രിന്റെ കാലത്ത് നടന്ന വിമാന വാങ്ങലുമായി ബന്ധപ്പെട്ട് സി. ബി.ഐ അന്വേഷണം ആരംഭിച്ചു.
എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവക്കായി 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്‌ക്കെതിരെ സി.ബി.ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2005ല്‍ 10.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 70,000 കോടി രൂപ) ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. വിമാനങ്ങള്‍ വാങ്ങിയതും വാടകക്ക് എടുത്തതും റൂട്ട് മാറ്റിയതും എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടം വരുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിമാനം വാങ്ങാന്‍ അംഗീകാരം നല്‍കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി, ടെലികോം ഇടപാടുകള്‍ക്ക് പിന്നാലെയാണ് വിമാന ഇടപാടും അന്വേഷിക്കുന്നത്.
2004നും 2008നും ഇടയ്ക്ക് എയര്‍ ഇന്ത്യക്ക് വേണ്ടി നടത്തിയ എല്ലാ ഇടപാടുകളും സി. ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടത്തിലായിരുന്ന ദേശീയ വിമാന കമ്പനിക്ക് ഇടപാട് വലിയ ബാധ്യത വരുത്തിവച്ചുവെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. എന്നാല്‍ അന്വേഷണത്തെ കുറിച്ച്പ്രതികരിക്കാന്‍ അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ല.
2005 ഡിസംബറില്‍ ബോയിങ് കമ്പനിയില്‍ നിന്ന് എയര്‍ ഇന്ത്യക്ക് 68 എയര്‍ക്രാഫ്ടുകള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം എയര്‍ബസ് എസ്.ഇയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് 43 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അംഗീകാരം നല്‍കി. 2007ല്‍ ഇരു കമ്പനികളും യോജിക്കുകയും എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിനു കീഴിലാവുകയും ചെയ്തു.
അതേസമയം ലാഭകരമായ പല റൂട്ടുകളും സ്വകാര്യ മേഖലയിലെ ദേശീയ, രാജ്യാന്തര കമ്പനികള്‍ക്കു വേണ്ടി എയര്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തുവെന്ന് സി. ബി. ഐ കണ്ടെത്തിയിരുന്നു.

chandrika: