കൊല്‍ക്കത്ത: കൊല്‍ക്കത്തയിൽ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു. ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊൽക്കത്ത സിബിഐ ഓഫീസും പോലീസ് വളഞ്ഞു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വീട്ടിലും പോലീസെത്തി. പോലീസിനു പിന്തുണയുമായി മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തിയിട്ടുണ്ട്. മമത രാജീവ് കുമാറിന്റെ വീട് സന്ദർശിച്ചു.
ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി രാജീവ് കുമാറിനെ തേടി സി.ബി.ഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയിരുന്നു. എന്നാൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ രവി കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നാണ് പറയുന്നത്.
ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രവി കുമാർ. കേസിൽ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാൻ സി.ബി.ഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.
രണ്ടു തവണയാണ് സി.ബി.ഐ ഇദ്ദേഹത്തിനു നോട്ടീസ് അയച്ചത്. എന്നാൽ പ്രതികരണം ഉണ്ടായില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറയുന്നു. ശാരദ ചിട്ടിത്തട്ടിപ്പ് കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളിൽ രവി കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐ കരുതുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലും രാജീവ് കുമാർ പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.