പറ്റ്‌ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ. റെയില്‍വെ മന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് ലാലുവിനെതിരെ പുതിയ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയത്. ഇതിന് പിന്നാലെ ലാലുവിന്റെയും മകളുടെയും വസതികളിലും ഓഫീസുകളിലും ഉള്‍പ്പെടെയുള്ള 15 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി.
2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരിക്കെ റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്. ലാലുവിനെ കൂടാതെ ഭാര്യ റാബ്‌റി ദേവിയും മകള്‍ മിസ ഭാരതിയും മറ്റു കുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്. റെയില്‍വേയില്‍ ജോലി നല്‍കുന്നതിനായി ലാലു വും കുടുംബാംഗങ്ങളും ഭൂമിയും സ്വത്തുക്കളും കൈക്കൂലിയായി കൈപ്പറ്റിയെന്ന് സി.ബി.ഐ ആരോപിക്കുന്നു. അതേസമയം, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും ഈ കേസുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ആര്‍.ജെ. ഡി നേതാക്കള്‍ പ്രതികരിച്ചു.
139 കോടി രൂപയുടെ ഡോറാന്‍ഡ ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ലാലു ജയില്‍ മോചിതനായത്. കേസില്‍ സി.ബി.ഐ പ്രത്യേക കോടതി ഫെബ്രുവരിയില്‍ അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ലാലുവിന്റെ ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം അനുവദിച്ചത്.
ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 കളില്‍ നടന്ന അഴിമതികളില്‍ ഒന്നായിരുന്നു കാലത്തീറ്റ കുംഭകോണം. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി ട്രഷറികളില്‍ നിന്ന് 940 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇത് വിവിധ കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.