മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്‌നവ്യാപാരി നീരവ് മോദിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്കില്‍ നിന്ന് 13,400 കോടി രൂപ തട്ടിയെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സി, പി.എന്‍.ബി മുന്‍ മേധാവി അനന്തസുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെയും മറ്റു ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുടേയും പേരുകള്‍ കുറ്റപത്രത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2015-2017 കാലയളവില്‍ പി.എന്‍.ബി എം.ഡിയായിരുന്നു അനന്തസുബ്രഹ്മണ്യന്‍. നിലവില്‍ ഇദ്ദേഹം അലഹബാദ് ബാങ്കിന്റെ എം.ഡിയാണ്. അടുത്തിടെ സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പില്‍ പി.എന്‍.ബി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരായ കെ.വി ബ്രഹ്മാജി റാവു, സഞ്ജീവ് ശരണ്‍, ബാങ്കിന്റെ ഇന്റര്‍ നാഷണല്‍ ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ നെഹല്‍ അഹദ് എന്നിവരുടെ പങ്കും സി.ബി.ഐ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ ജാമ്യപത്രം നല്‍കുന്നതില്‍ ഉള്‍പ്പെടെ റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പി.എന്‍.ബി പാലിച്ചില്ലെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. എല്ലാ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്‌തെന്നും കേസില്‍ ഉള്‍പ്പെടുത്താന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.