ഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്ന ആരോപണത്തില്‍ ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. 5.62 ലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
2018ലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ആഗോളതലത്തില്‍ അഞ്ച് കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 5.6 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി ഫെയ്‌സ്ബുക്ക് തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2018 ജൂലൈയില്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ക്രിമിനല്‍ കുറ്റം ചെയ്തതായി സിബിഐ വെളിപ്പെടുത്തിയിരുന്നു.