ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വച്ചു നീട്ടിയ പുതിയ പദവിയില്‍ നിന്നും പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനമാണ് അലോക് വര്‍മ്മ വേണ്ടെന്നു വച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പേഴ്‌സണല്‍ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് താന്‍ സര്‍വീസില്‍നിന്ന് വിരമിച്ചതായി കണക്കാക്കണമെന്ന് പറയുന്നത്. ഫയര്‍ ആന്റ് സര്‍വീസ്- സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ് ഡയരക്ടര്‍ ജനറലായാണ് വര്‍മ്മയെ മാറ്റി നിയമിച്ചിരുന്നത്.
സ്വാഭാവിക നീതി പോലും തനിക്ക് നിഷേധിക്കപ്പെട്ടതായി പേഴ്‌സണല്‍ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വര്‍മ്മ ആരോപിക്കുന്നു. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല. തന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.” വര്‍മ കത്തില്‍ കുറിച്ചു.
തീരുമാനത്തിലെത്തും മുമ്പ് തന്റെ ഭാഗം കേള്‍ക്കണമായിരുന്നു. സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ നല്‍കിയ പരാതിയിലെ തനിക്കെതിരായ ആരോപണങ്ങള്‍ സി.വി.സി റിപ്പോര്‍ട്ടില്‍ അതേപടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് രാകേഷ് അസ്താനയുടെ പേര് പരാമര്‍ശിക്കാതെ കത്തില്‍ പറയുന്നു. സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് തന്നെ പുറത്താക്കാനുള്ള മുഴുവന്‍ നീക്കങ്ങളും മുകളില്‍നിന്ന് താഴോണ് നടന്നതെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമുണ്ടായ തീരുമാനം തന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തലല്ല, മറിച്ച് സി.ബി.ഐ പോലുള്ള ഏജന്‍സികളെ കേന്ദ്ര വിലിജന്‍സ് കമ്മീഷനെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ നേരിടുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ഇത്തരം വിഷയങ്ങളില്‍ കൂട്ടായ പുനഃപരിശോധന വേണ്ട സമയം കൂടിയാണിതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ഇന്നു മുതല്‍ താന്‍ സര്‍വീസില്‍നിന്ന് വിരമിച്ചതായി കണക്കാക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ എതിര്‍പ്പോടെയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് രണ്ടാം തവണയും നീക്കിയത്. ആദ്യ തവണ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച വര്‍മ്മ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ തിരികെയെത്തി രണ്ടാം ദിവസമാണ് വീണ്ടും പുറത്താക്കിയത്.