X
    Categories: keralaNews

ലൈഫ് മിഷന്‍ അഴിമതി: യു.വി ജോസ് ആറ് രേഖകള്‍ ഹാജരാക്കണമെന്ന് സിബിഐ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനോട് സിബിഐ ആവശ്യപ്പെട്ടു. അഞ്ചാം തിയതിയാണ് ജോസിനോട് കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് രേഖകളുമായി ഹാജാരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.

സിഇഒ യു.വി ജോസിന് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ ഹാജരാവണം. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: