X

ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍; സത്യം ജയിക്കുമെന്ന് കോണ്‍ഗ്രസ്

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഇന്നലെ സിബിഐ കസ്റ്റഡിയിലെടുത്ത മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ആഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ചത്.

ചിദംബരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങളാണ് ഡല്‍ഹി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ നടന്നത്. ജാമ്യ ഹര്‍ജിയില്‍ ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനായി ചിദംബരത്തെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയാണ് സിബിഐ സമര്‍പ്പിച്ചത്.

എന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പി ചിദംബരം തനിക്ക് സ്വന്തമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാന്‍ ചിദംബരത്തിന് അവസരവും നല്‍കി. ചിദംബരത്തിനു വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയുമാണ് വാദിച്ചത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ വൈരമാണെന്ന് കപില്‍ സിബല്‍ വാദിച്ചു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് ചിദംബരം മറുപടി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇന്നലെ തിരക്കിട്ട് കസ്റ്റഡിയിലെടുത്ത മുന്‍ മന്ത്രിയോട് പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും കോടതിയില്‍ അറിയിച്ചു. ചോദിച്ച പന്ത്രണ്ട് ചോദ്യങ്ങളിൽ ആറെണ്ണം നേരത്തെ ചോദിച്ചതാണ്. ചോദ്യങ്ങളെ കുറിച്ചു പോലും സിബിഐക്ക് വ്യക്തതയില്ലെന്നും പി ചിദംബരത്തിന്‍റെ അഭിഭാഷകൻ വാദിച്ചത് . ഇന്ദ്രാണി മുഖര്‍ജിയോ ഐഎൻഎക്സ് മീഡിയാ കമ്പനിയോ പണം നൽകിയിട്ടുണ്ടെങ്കിൽ രേഖകൾ എവിടെയെന്നും ഏത് അക്കൗണ്ടിലേക്ക് എങ്ങനെയാണ് പണം കൈമാറിയതെന്നും സിബിഐ വ്യക്തമാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. 

സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദിവസവും അരമണിക്കൂറാണ് സന്ദര്‍ശന അനുമതി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രംഗത്തെത്തി. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ഒടുവില്‍ സത്യം ജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

chandrika: