സോളാര്‍ പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.ബി.ഐ നല്‍കിയ ക്ലീന്‍ചീറ്റ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുള്ള കുറ്റപത്രമാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഏതു നീചവൃത്തിക്കും മടിക്കില്ലെന്ന നെറികെട്ട സമീപനത്തിന് കാലം നല്‍കിയ ഈ തിരിച്ചടി, എതിരാളികളെ ഒതുക്കാനുപയോഗിക്കുന്ന അതേ തന്ത്രം സ്വന്തം പാര്‍ട്ടിയിലും പ്രയോഗിക്കപ്പെട്ടു എന്ന ആരോപണമുയരുന്ന ഘട്ടത്തില്‍ തന്നെയാണുണ്ടായിരിക്കുന്നത് എന്ന യാദൃശ്ചികതയും ഇവിടെ നിലനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോഴാണ് സകല രാഷ്ട്രീയമര്യാദകളും കാറ്റില്‍ പറത്തപ്പെട്ട സേളാര്‍കേസിനാധാരമായ സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. മുഖ്യമന്ത്രിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ സരിത എസ്. നായര്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയപ്പോള്‍ തന്നെ അതിനോട് സി.പി.എം സ്വീകരിച്ച നിലപാട് സംശയകരവും ഒരു വന്‍ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതുമായിരുന്നു. എന്നാല്‍ അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളുമുണ്ടായിട്ടും പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും പ്രഖ്യാപിക്കാന്‍ തയാറാണെന്ന സ്ഫടികസമാനമായ നിലപാടുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിലയുറപ്പിച്ചപ്പോള്‍ തന്നെ സാംസ്‌കാരിക കേരളത്തിന് സംഗതിയുടെ കിടപ്പുവശം ബോധ്യമായിരുന്നു.
തന്റെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനു മുന്നില്‍ യാതൊരു സങ്കോചവും കൂടാതെ മണിക്കൂറുകളോളം ചിലവഴിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചുകളയുകയായിരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന നിലയില്‍, ഉമ്മന്‍ചാണ്ടി സരിതയുടെ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും കേസ് രജിസറ്റര്‍ ചെയ്യാമെന്നുമുള്ള ഉള്ളടക്കമാണ് ജസ്റ്റിസ് ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടംവലം നോക്കാതെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ത്വരിതഗതിയില്‍ മുന്നോട്ടുപോവുകയും ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കില്ലെന്ന നിഗമനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്.
ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും സംഭവദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍പോലും ഇല്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. ഒടുവില്‍ സി.ബി.ഐ അന്വേഷണം ആവശ്യവുമായി പരാതിക്കാരി രംഗത്തെത്തിയപ്പോള്‍ അതു വകവെച്ചുകൊടുക്കുന്നതിലും ഇടതു സര്‍ക്കാറിന്റെ അത്യാവേശം പ്രകടമായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധം, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകളില്‍ സി.ബി.ഐ വരാതിരിക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച അതേ സര്‍ക്കാറാണ് സോളാര്‍ കേസില്‍ സി.ബി.ഐ യെ ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലു വിലകല്‍പ്പിച്ച് പ്രഖ്യാപിക്കപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്റെയും ഫലം തഥൈവയായിരിക്കുകയാണ്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഘട്ടത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കണമെന്നും നിയമോപദേശം ലഭിച്ചപ്പോള്‍ അതെല്ലാം നിരാകരിച്ച് കുറ്റംചെയ്താല്‍ മാത്രമേ ശിക്ഷഭയപ്പെടേണ്ടതുള്ളൂ എന്ന നിലപാടെടുത്ത ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഗ്നിശുദ്ധിവരുത്തി ശിരസുയര്‍ത്തിനില്‍ക്കുമ്പോള്‍ സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
സരിതാ നായര്‍ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്ന അപസര്‍പ്പക കഥകളെ വേദവാക്യമായെടുത്ത് നാടിന്റെ ക്രമസമാധാനം തകര്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുകയും ചെയ്ത ആ കറുത്ത ദിനങ്ങളാണ് മലയാളിയുടെ മനോരധങ്ങളില്‍ തെളിഞ്ഞുവരുന്നത്. ജനാധിപത്യത്തിന്റെ ദേവാലയമായ നിയമനിര്‍മാണസഭയെ പോലും സ്തംഭിപ്പിച്ചു നടത്തിയ ഈ നരനായാട്ട് എന്തിനുവേണ്ടിയായിരുന്നു എന്ന ചോദ്യത്തിനും ഓരോ കേരളീയനോടും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമറാന്‍ സി.പി.എമ്മിനു ഒരിക്കലും സാധ്യമല്ല. സരിതയെ ആഘോഷമാക്കിയവര്‍ക്ക് കാലത്തിന്റെ കാവ്യനീതിപോലെ തിരിച്ചടി ലഭിക്കുന്നത് കാമാനും അധികം കാത്തിരിക്കേണ്ടി വന്നില്ല. എന്നാല്‍ അതേ നാണയത്തില്‍ പ്രതികരിക്കാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ടായിട്ടും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോയപ്പോഴും രാഷ്ട്രീയ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ യു.ഡി.എഫ് ഒരിക്കലും തയാറായില്ല എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.