ബംഗളൂരു: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവിയും വിവാദ വ്യവസായിയുമായ വിജയ് മല്യക്ക് 900 കോടി രൂപ നല്‍കിയ കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റു ചെയ്തു. യോഗേഷ് അഗര്‍വാളിനെയാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ വായ്പയുമായി ബന്ധപ്പെട്ട്, ഐഡിബിഐ ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി മാനേജിങ് എഡിറ്റര്‍ ഒ.വി ബുന്ദെല്ലു, ഉദ്യോഗസ്ഥരായ എസ്.കെ.വി ശ്രീനിവാസന്‍, ആര്‍.എസ് ശ്രീധര്‍, കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മുന്‍ സിഎഫ്ഒ എ.രഘുനാഥന്‍, എക്‌സിക്യൂട്ടീവുമാരായ സൈലേഷ് ബോര്‍കര്‍, എസി ഷാ, അമിത് നഡ്കര്‍നി എന്നിവരെയും സിബിഐ അറസ്റ്റു ചെയ്തു.
9000 കോടിയുടെ വായ്പാ കുടിശ്ശിക കേസില്‍ മല്യയുടെ സ്ഥാപനങ്ങളില്‍ നിന്നും 6200 കോടി രൂപ കണ്ടു കെട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുയെട നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു ഡെബിറ്റ് റിക്കവറിട്രൈബൂണല്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് സിബിഐയുടെ നടപടി.