ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുവാക്കിയത് സ്‌പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്താന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് റിപ്പോര്‍ട്ട്. സി.ബി. ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയാണ് ഇതിന് വിവാദ നീക്കത്തിന് ഇടനിലക്കാരനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലോകിന് ശേഷം സി.ബി. ഐ ഡയരക്ടര്‍ സ്ഥാനത്തേക്ക് മോദി കണ്ടുവെച്ച ആളായിരുന്നു ഗുജറാത്ത് കേഡര്‍ ഐ.പി. എസ് ഓഫീസറും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ അസ്താന. എന്നാല്‍ അഴിമതി ആരോപണത്തില്‍ കുരുങ്ങിയത് ഈ നീക്കത്തിന് തിരിച്ചടിയായി. ഇതോടെയാണ് ചൗധരിയെ മുന്നില്‍ നിര്‍ത്തി കേന്ദ്രം ഇടനില നീക്കം നടത്തിയത്.
2018 മധ്യത്തോടെ ചൗധരി അലോകിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി, സി.ബി.ഐ റിപ്പോര്‍ട്ടിലെ അസ്താനക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടു. നിര്‍ദേശം അംഗീകരിച്ചാല്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഈ ‘കൊടുക്കല്‍ വാങ്ങല്‍’ അലോക് തള്ളി. സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് പട്‌നായിക്കിനെ വര്‍മ്മ ഇക്കാര്യം അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറി. ഇതാണ് പാതിരാ ഓപ്പറേഷനിലൂടെ അലോകിനെ പുറത്താക്കാനുള്ള കാരണമെന്ന് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പുതിയ വിവരത്തോട് പ്രതികരിക്കാന്‍ സി.വി.സിയോ അലോക് വര്‍മ്മയോ ജസ്റ്റിസ് പട്‌നായിക്കോ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.