X

പെരിയ ഇരട്ടക്കൊലപാതകം; കേസില്‍ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ആണ് അന്വേഷണം തടസ്സപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

നിയമപരമായും സാങ്കേതികപരമായുമുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്. കേസ് നേരത്തെ െ്രെകംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസ് എടുത്തത്. എന്നാല്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ അന്വേഷണത്തിന് മറ്റൊരു ഏജന്‍സി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2019 സെപ്തംബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഈ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.

ഇതിനു ശേഷം വളരെ വേഗം തന്നെ സിബിഐ കേസിന്റെ എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, അതിനിടെ അന്വേഷണം സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റി. ഇതിനിടെ, വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടു പ്രതികളിന്ന് ജാമ്യഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നു. ഈയൊരു ഘട്ടത്തിലാണ് അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞത്. അപ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

chandrika: