ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്രം ‘എസ് ദുര്‍ഗ’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നേരത്തെ ‘സെക്‌സി ദുര്‍ഗ’ എന്നായിരുന്ന ചിത്രത്തിന്റെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം മാറ്റിയപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കാണിച്ച് കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാവ് ഷാജി മാത്യുവിന് കത്തയക്കുകയായിരുന്നു. വീണ്ടും സെന്‍സര്‍ ചെയ്യുന്നതു വരെ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കരുതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ തിരുവന്തപുരം ഓഫീസില്‍ നിന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കത്തു ലഭിച്ചു.
കത്ത് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഉപയോഗിച്ച ചില മോശം വാക്കുകള്‍ മാറ്റുമെന്നും പേര് ‘എസ്. ദുര്‍ഗ’ എന്നാക്കുമെന്നുമുള്ള ഉപാധിയിലാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും എന്നാല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര ജൂറിക്കു മുമ്പാകെ പ്രദര്‍ശനത്തില്‍, ടൈറ്റില്‍ കാര്‍ഡിലെ മാറ്റങ്ങള്‍ തൃപ്തികരമല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വിശദീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിച്ചേക്കാമെന്ന സൂചനകള്‍ക്കിടെയാണ് ചിത്രത്തിന്റെ അംഗീകാരം തന്നെ കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള ബോര്‍ഡ് റദ്ദാക്കിയത്. നേരത്തെ, ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സംവിധായകന്‍ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
റോട്ടര്‍ഡാം, റഷ്യ, പെസാറോ, വലന്‍സിയ, യെരേവന്‍, ഗ്വാനജ്വാട്ടോ ഫിലിം ഫെസ്റ്റിവലുകളില്‍ സെക്‌സി ദുര്‍ഗ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 20-ഓളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നല്ല അഭിപ്രായമാണ് നേടുന്നത്.