ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ തുരങ്കങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ഭൗമോപഗ്രഹത്തില്‍ തുരങ്കത്തിന്റെ സാന്നിധ്യമുള്ളതായി വിവരം പുറത്തുവിട്ടത്.
ചന്ദ്രനിലേക്ക് വീണ്ടും യാത്രികരെ അയക്കാനൊരുങ്ങുന്നതിനിടെ പേടകം എവിടെ ഇറക്കണമെന്നതു സംബന്ധിച്ച് പഠനം നടത്തുന്നതിനിടെ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണായകമായ കാഴ്ച നാസ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചന്ദ്രനിലെ ചില തുരങ്കങ്ങളിലേക്കുള്ള വഴിയെന്ന നിലയിലാണ് അടയാളങ്ങള്‍ തെളിയിക്കുന്നത്. അത്തരം തുരങ്കങ്ങളില്‍ തണുത്തുറഞ്ഞ ജലമായിരിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. നിഗമനം ശരിയായാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടോയെന്നതിന് വ്യക്തമായ ഉത്തരം അടുത്ത ചാന്ദ്രയാത്രയോടെ ലോകത്തിനു ലഭിക്കും.
ലൂണാര്‍ റികോണസെന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങളാണ് പരിശോധനക്കു വിധേയമാക്കിയത്. വടക്കു ധ്രുവത്തില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് ഇതു സൂചിപ്പിക്കുന്നത്. വടക്കു മാറി 550 കിലോമീറ്റര്‍ അകലെ ഫിലൊലോസ് വിള്ളലിനെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
70 കിലോമീറ്റര്‍ വിസ്താരമുള്ള ഇവിടെയാണ് അസാധാരണമായി തുരങ്ക സാന്നിധ്യം നാസയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ തുരങ്കങ്ങള്‍ എങ്ങോട്ടാണ് നീളുന്നതെന്നോ ഇവക്കുള്ളില്‍ എന്താണുള്ളതെന്നോ കണ്ടെത്താന്‍ ചിത്രങ്ങളിലൂടെ ആയിട്ടില്ല.
15-30 മീറ്റര്‍ വിസ്താരത്തിലാണ് ഓരോ ദ്വാരങ്ങളും. ഒന്നുകില്‍ തുരങ്കങ്ങള്‍ അല്ലെങ്കില്‍ ചാന്ദ്ര രൂപീകരണ സമയത്ത് ഉണ്ടായ ലാവ ട്യൂബുകളാകാനും ഇടയുണ്ടെന്നാണ് നാസ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ആകൃതി, വലിപ്പം, പ്രകാശവിന്യാസം, ഭൂമിശാസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ അത് തുരങ്കങ്ങള്‍ തന്നെയാകാനാണ് സാധ്യതയെന്നാണ് ഗവേഷകര്‍ പറയുന്നത്.