ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ എഡിന്‍സണ്‍ കവാനിക്ക് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കും പിഴയും. മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും വിലക്കും ഒരു ലക്ഷം പൗണ്ട്(ഏകദേശം ഒരു കോടി രൂപ) പിഴയുമാണ് എഫ്.എ വിധിച്ചിരിക്കുന്നത്. നവംബറില്‍ ഇന്‍സ്റ്റഗ്രമില്‍ കവാനി ഇട്ട ഒരു പോസ്റ്റില്‍ വംശീയമായി അധിക്ഷേപിക്കുന്ന കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
എഫ്.എയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നണ് കവാനിയുടെ തീരുമാനം. കവാനി നല്‍കുന്ന പിഴ തുക വംശീയാധിക്ഷേപത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക. തന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ കവാനി സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചിരുന്നു. അതേസമയം ശിക്ഷ അംഗീകരിക്കുമ്പോഴും വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് തല്‍ക്കാലം പരസ്യമാക്കുന്നില്ലെന്ന് കൂടി 33കാരനായ കവാനി പറഞ്ഞു.
‘ഈ മോശം സമയം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ല. എനിക്ക് ഇംഗ്ലീഷ് രീതികള്‍ വശമില്ല. അതുകൊണ്ടുതന്നെ ശിക്ഷ അംഗീകരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്റെ നിലപാട് പറയുന്നില്ല.
എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. സുഹൃത്തുമായുള്ള അടുപ്പം കാണിക്കാനാണ് ഞാനാ വാക്കുകള്‍ ഉപയോഗിച്ചത്. ഞാന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളും സംസ്‌കാരവും വ്യത്യസ്തമാണ്. ഉള്ളിലുള്ളകാര്യം തുറന്നു പറയുന്ന രീതിയാണ് എന്റേത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ സമാധാനമുണ്ട്’ എന്നായിരുന്നു ഉറുഗ്വെക്കാരനായ കവാനിയുടെ പ്രതികരണം.
പ്രീമിയര്‍ ലീഗില്‍ അസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, വാറ്റ്‌ഫോര്‍ഡ് എന്നിവരുമായുള്ള മത്സരങ്ങള്‍ കവാനിക്ക് നഷ്ടമാവും. ഫ്രാന്‍സിലെ ലീഗ് വണ്ണില്‍ പി.എസ്.ജിക്കുവേണ്ടി 301 കളികളില്‍ നിന്നും 200 ഗോളുകള്‍ നേടിയിട്ടുള്ള കവാനി ഒക്ടോബറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.