X

മുസ്‌ലിം വിദ്വേഷത്തിന്റെ കാര്യകാരണങ്ങള്‍-ടി.എച്ച് ദാരിമി

വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ അല്‍ഖാഇദക്കാരുടെ ഭീകരാക്രമണം ഉണ്ടായതുമുതല്‍ ലോകമൊട്ടുക്കുമുള്ള മുസ്‌ലിംകള്‍ കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ ഭാഗമായി മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയ സന്നദ്ധ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു, സഹായങ്ങള്‍ തടയപ്പെട്ടു, പര്‍ദ ധരിച്ച സ്ത്രീകള്‍ അവഹേളിക്കപ്പെട്ടു, ശിരോവസ്ത്രം നിയമത്തിന്റെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരപ്പെട്ടു. മുസ്‌ലിം രാജ്യങ്ങള്‍ പലതും ആക്രമിക്കപ്പെട്ട് ദുര്‍ബലപ്പെടുത്തപ്പെട്ടു. ഇതെല്ലാം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു. അതു ചെയ്തതിനെ ഇന്നുവരേക്കും ഒരു മുസ്‌ലിം രാജ്യമോ സംഘടനയോ ന്യായീകരിച്ചിട്ടില്ല. അത്തരം നിലപാടുകളോടും നീക്കങ്ങളോടും ഇസ്‌ലാമിനോ പൊതു മുസ്‌ലിം സമൂഹത്തിനോ ഒരു യോചിപ്പുമില്ല. എന്നിട്ടും 9/11 കഴിഞ്ഞ് പതിനെട്ടു വര്‍ഷം പിന്നിട്ടിട്ടും യുക്തിരഹിതമായ ഈ വിദ്വേഷത്തിന് യാതൊരു കുറവും കാണാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല, അമേരിക്കക്കപ്പുറം യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും രോഗം പടരുകയും ചെയ്തു.

അന്താരാഷ്ട്ര രംഗത്തുള്ള മുസ്‌ലിം വിദ്വേഷത്തിന്റെ പ്രധാന കാരണം മുസ്‌ലിംകളോടുള്ള അസൂയയാണ്. ലോക നിലവാരത്തില്‍ മുസ്‌ലിംകള്‍ വെറും 27 ശതമാനമാണ്. പിന്നെയും പത്തു ശതമാനം കൂടുതലുള്ള ക്രൈസ്തവര്‍ അവര്‍ക്ക് മുമ്പിലുണ്ട്. ഉള്ള മുസ്‌ലിംകളാവട്ടെ ലോകമൊട്ടുക്കുമായി ചിതറിക്കിടക്കുകയുമാണ്. ക്രൈസ്തവര്‍ യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും എന്ന പോലെ, ഹിന്ദുക്കള്‍ ഇന്ത്യയിലെന്ന പോലെ, അവരെല്ലാവരും ഒരു മേഖലയിലല്ല. മിഡിലീസ്റ്റ് മേഖലയില്‍ അവര്‍ കൂടുതലുണ്ട് എങ്കിലും അവിടെയെല്ലാം കാനേഷുമാരിയില്‍ ജനസംഖ്യ കുറവാണ്. എന്നിട്ടും അവര്‍ക്ക് അസൂയാവഹമായ ഒരു ശക്തിയുണ്ട്. ഇറാഖ് മുതല്‍ മൊറോക്കോ വരെയുള്ള അവരുടെ രാജ്യങ്ങള്‍ എണ്ണ സമ്പന്നങ്ങളാണ്. വന്‍ കുതിപ്പ് നടത്തുന്നതാണ് അവരുടെ സാമ്പത്തിക ശേഷി. അവരുടെ മതം അവരെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ വികാരമാണ്. നാമമാത്രമെന്നോ മറ്റോ പറയാമെങ്കിലും അവരുടെ മതനിയമം ആധാരമായ മൂന്ന് രാജ്യങ്ങള്‍ അവര്‍ക്കുണ്ട്. സഊദി അറേബ്യയും ഇറാനും പാകിസ്താനും. മറ്റു രാജ്യങ്ങളിലാവട്ടെ മതശാസനകള്‍ ശക്തമായി പാലിക്കപ്പെടുന്നുണ്ട്. ലോക പ്രശസ്ത സ്ഥാപനങ്ങുടെ വിദ്യാ പിന്‍ബലം ഇല്ലാതിരുന്നിട്ടും വെള്ളക്കോളര്‍ സംസ്‌കാരമില്ലാതിരുന്നിട്ടും ലോക വട്ടമേശകളില്‍ വന്‍ സാന്നിധ്യമൊന്നുമല്ലാതിരുന്നിട്ടും ഈ സമുദായം ഇതൊക്കെ നേടിയതും അവ നിലനിറുത്തുന്നതും കാണുമ്പോള്‍ അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് കടുത്ത അസൂയ ഉണ്ടാവുക സ്വാഭാവികമാണ്.

ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ ഈ അസൂയയുടെ മുന ഒന്നുകൂടി സൂക്ഷ്മമാകുന്നു. ഇവിടെയുള്ള ജീവിതം യൂറോപ്പിനേക്കാളും മിഡിലീസ്റ്റിനേക്കാളും മറ്റുള്ളവരുമായി കൂടിക്കലര്‍ന്നതാണ്. യൂറോപ്പിലും മറ്റുമെല്ലാം അവരുടെ വ്യതിരിക്തത പ്രധാനമായും പ്രകടമാകുന്നത് ആരാധനാലയങ്ങളുടെ അകത്തളങ്ങളിലോ വീടിനുള്ളിലോ മാത്രമാണ്. പൊതു സമൂഹത്തില്‍ അവര്‍ക്ക് കാര്യമായ വ്യതിരിക്തതകള്‍ ഏറെയില്ല. നമ്മുടേത് ഒരു ബഹുസ്വര ബഹുമത സമൂഹമാണ്. മാത്രമല്ല, ജനസാന്ദ്രത കൂടുതലുമാണ്. കാര്യമായി ഒന്നും ഒരു മതക്കാര്‍ക്കും മറ്റു മതക്കാരില്‍ നിന്ന് ഒളിപ്പിച്ചു വെക്കാനാവില്ല. അതോടൊപ്പം ഇവിടെയുള്ള മത പ്രചാരണ പ്രബോധന സൗകര്യം വഴി ഏറെ ആഴത്തില്‍ കിടക്കുന്ന കാര്യങ്ങള്‍ പോലും പൊതു സമൂഹത്തിന് അറിയുകയും ചെയ്യാം. ഇതെല്ലാം വഴി ഇവിടെയുള്ള മറ്റു മതക്കാര്‍ മനസ്സിലാക്കിയത് മുസ്‌ലിംകള്‍ തികച്ചും വേറിട്ട, തങ്ങളുമായോ മറ്റുള്ളവരുമായോ ഇഴുകിച്ചേരാന്‍ കഴിയാത്ത ജനതയാണ് എന്നാണ്. അതിനവര്‍ക്ക് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്. അവ ഓരോന്നും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തില്‍ ലയിക്കാന്‍ കഴിയില്ല എന്ന് പറയാനും വാദിക്കാനും കഴിയുകയും ചെയ്യും.

ഉദാഹരണമായി അവരുടെ വേഷവിധാനങ്ങള്‍. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ അഴകിനെ ബാധിക്കുമെങ്കില്‍ പോലും അവര്‍ ശരീരത്തിന്റെ പല ഭാഗങ്ങളും കണിശമായും മറച്ചുപിടിക്കുന്നു. എല്ലാവരും ഏതാണ്ടെല്ലാം തുറന്നിട്ട് നടക്കുമ്പോള്‍ ഇവര്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ പേരു പറഞ്ഞ് വേറിട്ടുനില്‍ക്കുന്നു. ഇക്കാര്യത്തെ അസൂയയായി കാണുന്നവര്‍ ഇതിനെതിരെ രംഗത്തുവരുന്നു. അന്താരാഷ്ട്ര രംഗത്ത് ഹിജാബ് ഭീകര തീവ്രവാദികള്‍ക്ക് സൗകര്യമൊരുക്കും എന്നും പ്രാദേശികമായി യൂണിഫോമിറ്റിയെ പ്രതികൂലമായി ബാധിക്കും എന്നും പറഞ്ഞ് ഇതിനെതിരെ രംഗത്ത്‌വരും. വിവാഹക്കാര്യത്തില്‍ കാണുന്നത് ഇവരുടെ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ എതിര്‍ മതക്കാരനുമായി വിവാഹത്തിലേര്‍പ്പെടേണ്ട സാഹചര്യം വന്നാല്‍ ആ മതക്കാരന്‍ തങ്ങളുടെ മതത്തിലേക്ക് മാറിയാല്‍ മാത്രമേ അവര്‍ വിവാഹത്തിന് സമ്മതിക്കൂ എന്നാണ്. പുതുതായി വന്ന ഹലാല്‍ കശപിശയുടെ കാര്യവും ഇതു തന്നെ. മുസ്‌ലിംകള്‍ മതപരമായ ഹലാല്‍ മാത്രമേ കഴിക്കൂ. ലോകത്തിന്റെ പൊതു ഭക്ഷ്യ സംസ്‌കാരത്തില്‍ അവര്‍ക്ക് കൂടാന്‍ മതപരമായി കഴിയില്ല എന്നു കാണുമ്പോള്‍ അവരുമാത്രം ഒരു സംസ്‌കാര സമ്പന്നര്‍ എന്ന അസൂയ അങ്ങനെ ചിന്തിക്കുന്നവരുടെ സിരകളിലൂടെ അടിച്ചു കയറുകയാണ്. അപ്പോള്‍ ആ സങ്കല്‍പ്പത്തെ പൊളിച്ചു മാറ്റാന്‍ അവര്‍ ഹലാലിന് വൃത്തികെട്ട നിര്‍വചനം ചമയ്ക്കുകയാണ്.

അസൂയയും വിദ്വേഷവും ഒന്നാണ്. അസൂയ മനസ്സിനുള്ളില്‍ ഉണ്ടാകുന്ന വികാരവും വിദ്വേഷം അതു പുറത്തുചാടുമ്പോള്‍ അതിനുണ്ടാവുന്ന ഭാവവും. അതിനാല്‍ ഏത് വിദ്വേഷങ്ങളുടെയും കാരണം അസൂയയാണ്. മനുഷ്യഹൃദയങ്ങളില്‍ മുളച്ചുപൊങ്ങുന്ന വിനാശകാരികളായ വിഷ വൃക്ഷങ്ങളാണ് പകയും അസൂയയും. ശരീരത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് ശരീരത്തെ തന്നെ നശിപ്പിക്കുന്ന ഒരിക്കലും സുഖപ്പെടാത്ത രണ്ട് മഹാവ്രണങ്ങള്‍. വ്യക്തിയേയും സമൂഹത്തെയും ഒരു പോല അവ ബാധിക്കും. പണ്ഡിതരെയും പാമരരേയും അവ നശിപ്പിക്കും. അടുത്തവരെ അകറ്റാനും അകന്നവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളാനും അസൂയയും വിദ്വേഷവും കാരണമായിതീരും. തിരു നബി(സ) പറഞ്ഞു: നിങ്ങളുടെ മുമ്പുള്ള സമൂഹങ്ങളെ ബാധിച്ച രോഗം നിങ്ങളിലേക്കും ഇഴഞ്ഞെത്തിയിരിക്കുന്നു. അസൂയയും പകയുമാണത്. വിദ്വേഷം എല്ലാറ്റിനെയും മുണ്ഡനം ചെയ്യും. തലമുടി വടിച്ചെടുക്കുന്നത് പോലെ സകല നന്മകളെയും അത് നശിപ്പിക്കും. ദീനിനെ തന്നെ മുണ്ഡനം ചെയ്യും (തിര്‍മിദി). മറ്റുള്ളവരുടെ ഒരു നന്മയും അംഗീകരിക്കാതിരിക്കുകയും അത് നശിപ്പിക്കാന്‍ ഏത് വൃത്തികേടും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഈ രോഗികളുടെ സ്വഭാവമാണ്. അസൂയാലു ഒരിക്കലും അടങ്ങിയിരിക്കില്ല. എതിരാളിയുടെ ന്യൂനത ചികഞ്ഞെടുത്ത് പറഞ്ഞു പ്രചരിപ്പിക്കും. ഏഷണിയും പരദൂഷണവും തൊഴിലാകും. വിദ്വേഷത്തിന്റെ തീക്കനല്‍ മനസ്സില്‍ സദാ അവനില്‍ എരിഞ്ഞുകൊണ്ടിരിക്കും. പ്രതിയോഗിക്കെതിരെ കടുത്ത മത വിരുദ്ധ മാര്‍ഗങ്ങള്‍ പോലും അത്തരക്കാര്‍ അവലംബിക്കും. അവസാനം ലക്ഷ്യം കാണാതെ മോഹം പൂവണിയാതെ ഇത്തരക്കാര്‍ യവനികക്ക് പിന്നിലേക്ക് തള്ളപ്പെടും.

ഈ അസൂയക്ക് പക്ഷേ മരുന്നുണ്ട്. അത് വിശ്വാസമാണ്. വിശ്വാസം മനസ്സിനകത്തുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ നേട്ടങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസൂയ എന്ന അധമ വികാരത്തിന് ഒരു യുക്തിയുമില്ല. അല്ലാഹുവാണ് മനുഷ്യര്‍ക്ക് വിഹിതങ്ങള്‍ വീതിച്ചു നല്‍കുന്നത്. അവന്‍ സൂക്ഷ്മമായി അറിയുന്നവനും യുക്തിജ്ഞനുമാണ്. അസൂയക്കാരന്‍ യഥാര്‍ഥത്തില്‍ വിദ്വേഷം വെച്ചുപുലര്‍ത്തുന്നത് ദൈവത്തോടാണ്. ഒന്നുകില്‍ ദൈവം നീതിമാനല്ലെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ആര്‍ക്കു കൊടുക്കണം എന്ന് ശരിയായി അറിയാത്തവനാണെന്നു കരുതുന്നു. രണ്ടും ദൈവത്തെ തെറ്റായി ധരിക്കലാണ്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത്: അല്ലാഹു നല്‍കിയ ഔദാര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ജനങ്ങളോട് അസൂയ വെച്ചുപുലര്‍ത്തുകയാണോ? (അന്നിസാഅ് 54). വിശ്വാസത്തിന്റെ വീക്ഷണത്തില്‍ അസൂയ ദൈവത്തിനെതിരായ മുറുമുറുപ്പാണ്. ഇതില്‍ നിന്നും നമ്മുടെ പശ്ചാതലത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ വിലയിരുത്തല്‍ കൂടി നടത്താന്‍ കഴിയും. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷത്തിന്റെ വാള്‍ ചുഴറ്റി ചുറ്റി നടക്കുന്നവരാരുടെയും ഉള്ളില്‍ ഒരു തരം വിശ്വാസവുമില്ല എന്ന്. അവരുടെ ദൈവത്തില്‍ പോലും അവര്‍ക്ക് കൃത്യവും കണിശവുമായ വിശ്വാസമില്ല. അതു പറയുമ്പോള്‍ നാം ഇന്ത്യക്കാര്‍ക്ക് മഹാത്മാ ഗാന്ധി പറഞ്ഞത് ഓര്‍മ്മവരും. ഓരോ മതക്കാരും തങ്ങളുടെ മതത്തിലെ കുറച്ചു കൂടി നല്ല വിശ്വാസികളായാല്‍ നമ്മുടെ പ്രശ്‌നമെല്ലാം തീരും എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍. എന്നാല്‍ ഈയിടെ കേരളത്തില്‍ ഒരാള്‍ നടത്തിയ വിദ്വേഷവെടികള്‍ ഈ കൂട്ടത്തിലൊന്നും പെട്ടതാവാന്‍ തരമില്ല. വെടി പൊട്ടിച്ചു കഴിഞ്ഞ് ഇഷ്ടന്‍ ഒരു പ്രമുഖ പാര്‍ട്ടിയോടന്വേഷിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണല്ലോ ആദ്യം തന്നെ പറഞ്ഞത്. അപ്പോള്‍ അത് അവിടെ നിന്ന് വല്ലതും കിട്ടാനാണ് എന്നത് വ്യക്തമാണല്ലോ.

Chandrika Web: