X

മത്സരച്ചൂടില്‍ പറ്റിപ്പോയത്; ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, ഒന്നിച്ച് ശക്തമായി തിരിച്ചുവരുമെന്ന് ഇവാന്‍ വുക്കൊമനോവിച്ച്

ബംഗളൂരു എഫ്‌സിക്കെതിരെ ഐഎസ്എല്‍ ഫുട്‌ബോള്‍ പ്ലേ ഓഫ് പൂര്‍ത്തിയാകാതെ മൈതാനം വിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ച കുറിപ്പിലൂടെയാണ് ക്ഷമാപണം നടത്തിയത്. ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമും കോച്ച് ഇവാനും ക്ഷമാപണം നടത്തിയത്.

നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്‌ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിശദമാക്കി.

മത്സരം പൂര്‍ത്തിയാകാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ വിധിച്ചിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും അച്ചടക്കസമിതി നിര്‍ദേശിച്ചിരുന്നു. അല്ലാത്തപക്ഷം പിഴ ആറു കോടി രൂപയാകുമെന്നും പറഞ്ഞിരുന്നു.

ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിനും ശിക്ഷ നടപടിയുണ്ട്. 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപയുമാണ് പിഴ. കഴിഞ്ഞ മാര്‍ച്ച് മൂന്ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.

webdesk11: