X
    Categories: MoreViews

അനുഗ്രഹിനും ഫാത്തിമക്കും കത്തോലിക്കാ ബാവയുടെ സ്‌നേഹവര്‍ഷം

കോട്ടയം: കോഴിക്കോട് പറമ്പില്‍ക്കടവ് എം.എ.എം യൂ.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ ഭിന്നശേഷിക്കാരന്‍ അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമയ്ക്കും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആദരവ് .
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിലെ ചടങ്ങിലാണ് മാതൃകാ സഹപാഠികളായ അനുഗ്രഹിനെയും ഫാത്തിമയെയും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആദരിച്ചത്.

5 ലക്ഷം രൂപ ഇവര്‍ക്ക് സമ്മാനമായി ബാവാ നല്‍കി.സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുളളപ്പോഴും പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് അനുഗ്രഹും ഫാത്തിമായും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. മാതൃകാ സഹപാഠികളെ ആദരിച്ചതോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമായ ദേവലോകം എന്ന പേര് ഇന്നത്തോടെ അന്വര്‍ത്ഥമായിരിക്കുന്നവെന്ന് എം.ജി. യൂണി. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ബിസ്മിയും പറമ്പില്‍കടവ് എം.എ.എം യൂ.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി ദേവാനന്ദും മറുപടി പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോണ്‍, സണ്‍ഡേസ്‌ക്കൂള്‍ പ്രതിഭ കരിഷ്മ ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ ജനശതാബ്ദി എക്‌സ്പ്രസില്‍ അനുഗ്രഹും ഫാത്തിമയും കോട്ടയം സ്റ്റേഷനില്‍ എത്തിപ്പോള്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

ഇവര്‍ സഞ്ചരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിനരികിലേയ്ക്ക് നടന്ന് നീങ്ങിയ ബാവായെ കണ്ടവരെല്ലാം പതിവില്ലാത്ത കാഴ്ച കണ്ട് കാര്യം തിരക്കി. ഡി 2 കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാതാപിതാക്കളുടെ സഹായത്തോടെ ഇറങ്ങിയ അനുഗ്രഹ് തിരുമേനിയെ കണ്ട് തുറന്ന ചിരിയോടെ തിടുക്കത്തില്‍ നടന്ന് വന്ന് ചിരപരിചതരെപോലെ തിരുമേനിയെ കെട്ടിപിടിച്ചു. പിന്നാലെ എത്തിയ ഫാത്തിമ കൂപ്പുകൈകളോടെ തിരുമേനിയെ അഭിവാദ്യം ചെയ്തു.

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുക പതിവുളള പരിശുദ്ധ കാതോലിക്കാ ബാവാ ആതിഥേയനായി എത്തിയത് എല്ലാവരിലും കൗതുകമുണര്‍ത്തി. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയ അനുഗ്രഹ്, ഫാത്തിമ, മീനാക്ഷി എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവായൊടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.

chandrika: