കീവ്: തെക്കന്‍ യുക്രെയ്‌നില്‍ ആയുധങ്ങള്‍ എത്തിച്ചും സൈന്യത്തെ വിന്യസിച്ചും റഷ്യ കൂടുതല്‍ കാലുറപ്പിക്കുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. യുദ്ധത്തോടൊപ്പം ഇരുപക്ഷവും അവകാശവാദങ്ങള്‍ തുടരുന്നുണ്ട്. സ്ലോവ്യാന്‍സ്‌കില്‍ യുക്രെയ്‌ന്റെ ഒരു ഹെലികോപ്ടറും ഖാര്‍കീവില്‍ ഒരു പോര്‍വിമാനവും വെടിവെച്ചിട്ടതായി റഷ്യന്‍ സേന അറിയിച്ചു. ഒഡേസ നഗരത്തില്‍ പാശ്ചാത്യ ആയുധ ഡിപ്പോ തകര്‍ത്തുവെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റൊരു അവകാശവാദം. പരിക്കേറ്റ് ചികിത്സ തേടുന്ന സൈനികരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ യുക്രെയ്‌നിലെ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും രൂക്ഷമാണ്. രണ്ടു ഭാഗത്തും ആളപായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്‌നില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി ബ്രിട്ടീഷ് സായുധ സേനാ മേധാവി അഡ്മിറല്‍ സര്‍ ടോണി റഡാകിന്‍ പറഞ്ഞു. 1700 ടാങ്കുകളും നാലായിരത്തോളം സൈനിക കവചിത വാഹനങ്ങളും റഷ്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ദിവസം യുക്രെയ്ന്‍ അധികൃതരുടെ അനുമതിയില്ലാതെ അയ്യായിരത്തിലെറെ കുട്ടികളടക്കം മുപ്പതിനായിരത്തോളം പേരെ റഷ്യയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ലോകത്ത് പാശ്ചാത്യ മേല്‍ക്കോയ്മ അവസാനിക്കുകയും ചൈന സൂപ്പര്‍ പവറായി ഉയര്‍ന്നുവരുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് സോവിയറ്റ് യൂണിയനാണ് തകര്‍ന്നതെങ്കില്‍ ഇപ്പോള്‍ താഴോട്ട് പോരുന്നത് പടിഞ്ഞാറാണെന്ന് അദ്ദേഹം പറഞ്ഞു.