കോഴിക്കോട്: ജാതീയപീഡനത്തിന്റെ പേരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം)കോഴിക്കോടിനെതിരെ യുവതി. ഐ.ഐ.എമ്മില്‍ ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കെ. സ്മിജ ആണ് ആരോപണം ഉന്നയിച്ചത്. തന്റെ കീഴില്‍ ജോലിചെയ്തിരുന്ന യുവതിക്ക് ജോലി സ്ഥലത്ത് വെച്ച് ലൈംഗിക പീഡനത്തിന് ഇരയായപ്പോള്‍ താന്‍ അതിജീവിതയെ സംരക്ഷിക്കുകയും പ്രതികള്‍ക്കെതിരെ നടപടികള്‍ക്ക് ശ്രമിക്കുകയും ചെയ്തതോടെ പ്രതിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജാതീയപരമായി അധിക്ഷേപിക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്മിജയുടെ ആരോപണം.
തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്‌മെന്റിനും ഉത്തരമേഖല എ.ഡി.ജി.പി, സിറ്റിപോലീസ് കമ്മീഷണര്‍, എ.സി.പി, വനിത സെല്‍, കുന്ദമംഗലം പൊലിസ് സ്‌റ്റേഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു. സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതായി അംബേദ്കര്‍ ജന മഹാപരിഷത്ത് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പാരാതിക്കാരിയ കെ. സ്മിജ സംഘടനാ ഭാരവാഹികളായ രാമദാസ് വേങ്ങേരി, ടി.വി ബാലന്‍ പുല്ലാളൂര്‍, പ്രിയ കട്ടാങ്ങല്‍, പി.വി ദാമോദരന്‍ പങ്കെടുത്തു.