മുജീബ് കെ. താനൂര്‍
അമേരിക്കയിലെ ബ്രാഹ്മണ മഹാസഭ സമ്മേളനം അമേരിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ നടക്കാനിരുന്ന ‘അഖില ഭാരതീയ ബ്രാഹ്മണ മഹാസഭ’യുടെ സാഹിത്യ സമ്മേളനം നടത്തുന്നതിനാണു അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നിരോധനത്തിനുള്ള കാരണമാണ് ശ്രദ്ധേയമാണ്. ബ്രാഹ്മണ സാഹിത്യം ഇന്ത്യന്‍ ചരിത്രത്തില്‍ സാഹിത്യത്തെ ദുഷിപ്പിച്ചിട്ടുണ്ട്, ബ്രാഹ്മണ സാഹിത്യം ആളുകള്‍ക്കിടയില്‍ കലഹങ്ങള്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണിക്കല്‍ ഇന്ത്യന്‍ പ്രചോദനം മനുഷ്യ ക്രമത്തോടുള്ള അവഹേളനമാണ്, ബ്രാഹ്മണര്‍ ജാതി പിന്തുടരുന്നു, ബ്രാഹ്മണനും മറ്റു ജാതികളും തമ്മിലുള്ള വ്യത്യാസം വികസിപ്പിക്കുകയും ബ്രാഹ്മണ്യത്തിന്റെ ആകര്‍ഷണീയത നിലനിര്‍ത്തുകയും ചെയ്യുന്നു.. തുടങ്ങിയ കാര്യങ്ങളാണ് നിരോധനത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ കണ്ടെത്തിയ കാരണങ്ങള്‍.
ഒരു കാരണവശാലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അമേരിക്കയില്‍ നടക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. പൂനെയിലെ ബ്രാഹ്മണ മഹാസഭയെ അമേരിക്ക ഈ വിവരം അറിയിക്കുകയും ചെയ്തു. ആര്‍.എസ്.എസ് ബുദ്ധിയില്‍ വിരിഞ്ഞ ബ്രാഹ്മണ മഹാസഭ സമ്മേളനം അതോടെ ഗര്‍ഭാവസ്ഥയില്‍ തന്നെ അലസിപ്പോയി. അതിലേറെ രസകരം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിവരം കാണാത്ത ഭാവം നടിച്ചു എന്നതാണ്. ഇക്കാര്യം എവിടെയും പുറത്തുവരാന്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ അനുവദിച്ചില്ല. അപ്പോഴാണ് മാധ്യമങ്ങളുടെ അവകാശികള്‍ ആരാണ് എന്ന ചര്‍ച്ച ചിലയിടങ്ങളില്‍ ഉരുണ്ടുകൂടിയത്. ഓക്‌സ് ഫാം ഇന്ത്യ, ന്യൂസ് ലോണ്ടറി എന്നിവ നടത്തിയ ‘ഇന്ത്യന്‍ മാധ്യമങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രാതിനിധ്യത്തെ കുറിച്ച്’ നടത്തിയ പഠനം പുറത്തുവിട്ടത് മാധ്യമങ്ങളിലെ ജാതി മേല്‍ക്കോയ്മയെ കുറിച്ചാണ്.
പ്രിന്റ്, ഇലക്ള്‍ട്രോണിക്‌സ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്‍ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില്‍ പേരുവെച്ചെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ പോലും സവര്‍ണത ത്രസിച്ചു നില്‍ക്കുന്നു. പ്രിന്റ്, ഇലക്‌ട്രോണിക്‌സ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നിങ്ങനെ രാജ്യത്തെ 218 മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രധാന പോസ്റ്റുകളില്‍ എണ്‍പത്തിയെട്ടു ശതമാനവും ഉയര്‍ന്ന ജാതി വിഭാഗമാണ് കയ്യാളുന്നത്. ഇതിനു മുമ്പിലുള്ള രണ്ടു വര്‍ഷത്തെ അവസ്ഥയും ഇതേവിധം ജാതിമേല്‍ക്കോയ്മയില്‍ ഉള്ളത് തന്നെയായിരുന്നുവെന്നും പഠനം പറയുന്നു. പട്ടിക ജാതി പട്ടിക വര്‍ഗത്തില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളിലെ ജേണലിസ്റ്റുകളായി വിരലിലെണ്ണിയെടുക്കാവുന്നവര്‍ മാത്രം. 191 സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് വീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതും പേര് വെച്ചെഴുതുന്നതും.
പ്രിന്റ് മീഡിയയില്‍ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലെ അറുപത് ശതമാനത്തിലധികം ഉയര്‍ന്ന ജാതി വിഭാഗങ്ങളുടെ കൈപ്പിടിയിലാണ്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 10 ശതമാനവും എസ്.സി എസ്.ടി വിഭാഗങ്ങളില്‍നിന്ന് അഞ്ചു ശതമാനവും ജീവനക്കാരെന്ന് നിലവിലുള്ളത്. മാഗസിനുകളില്‍ പകുതിയിലധികവും പേര് വെച്ചെഴുതുന്ന ജേണലിസ്റ്റുകള്‍ ഉയര്‍ന്ന ജാതി വിഭാഗത്തിലുള്ളവരാണ്. എസ്.സി വിഭാഗത്തിലെ പത്തു ശതമാനം പേരെങ്കിലും ജേണലിസ്റ്റുകളായുള്ള ഒരു മുഖ്യധാരാ മാഗസിനും രാജ്യത്ത് ഇല്ലയെന്നത് പഠനം അടിവരയിടുന്നു. ഈ ഗണത്തില്‍ എസ്. ടി വിഭാഗത്തിപ്പോലെ ജേണലിസ്റ്റുകളുടെ കണക്കാണെങ്കില്‍ പൂജ്യമാണ്. ഈ കണക്കുകളില്‍ നിന്നും ഏറെ വ്യത്യസ്തമല്ല ഹിന്ദി പത്രങ്ങളും. ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് ആറു ശതമാനത്തില്‍ താഴെയാണ് ഹിന്ദി പത്രങ്ങളില്‍ ബൈലൈന്‍ ലഭിക്കുന്നത്.
ടെലിവിഷനുകളില്‍ അന്‍പത്തഞ്ച് ശതമാനത്തിലധികവും ഉയര്‍ന്ന ജാതിക്കാരാണ് ആങ്കര്‍മാര്‍. ഒരു മുഖ്യധാരാ ചാനലിലും എസ്.സി എസ്.ടി വിഭാഗത്തില്‍ നിന്നും ആങ്കര്‍മാരായി ആരുമില്ല. പഠനത്തില്‍ പറഞ്ഞ ഏഴു ചാനലുകളില്‍ ഒന്നില്‍ പോലും ഒരു പിന്നാക്കകാരനായ ആങ്കര്‍ പോലുമില്ല. നിലപാടുകള്‍ അവതരിപ്പിക്കുന്ന പാനലിസ്റ്റുകളിലും എസ.് സി എസ്.ടി വിഭാഗത്തിലുള്ളവര്‍ പൂജ്യമാണ്. നാമമാത്രമാണ് പിന്നാക്കക്കാരും മറ്റും.
ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലും അറുപത്തിയെട്ടു ശതമാനവും ബൈലൈന്‍ ലഭിക്കുന്നത് സവര്‍ണ ജാതി വിഭാഗങ്ങള്‍ക്കാണ്. പഠനം പുറത്തുവിട്ട ‘ന്യൂസ് ലോണ്ടറി’യിലും അറുപത്തിയെട്ടു ശതമാനവും ഉയര്‍ന്ന ജാതിക്കാരുടെ ബൈലൈനുകളാണ് വരുന്നതെന്ന് കാണിക്കുന്നു. ‘ഫസ്റ്റ് സ്‌പോട്ടി’ല്‍ അറുപത്തിയൊന്നു ശതമാനവും ‘സ്‌ക്രോളി’ല്‍ അമ്പതിനാല് ശതമാനവും ‘വയറി’ല്‍ അമ്പത് ശതമാനവും ഉയര്‍ന്ന ജാതിക്കാരാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തുവരുന്നത്. രാജ്യത്ത് എസ്.സി വിഭാഗത്തിലുള്ളവര്‍ ഭൂരിപക്ഷമുള്ള ഒരേയൊരു ഡിജിറ്റല്‍ പ്ലാറ്റുഫോം ‘മൂകനായക്’ ആണ്. ഈസ്റ്റ് മോജോ, ദി ക്വിന്റ്, സ്‌ക്രോള്‍, ദി വയര്‍, ന്യൂസ്മിനുട്ട്, ഫസ്റ്റ് സ്‌പോട്ട്, ന്യൂസ് ലോണ്ടറി, സ്വരാജ്യ, മൂകനായക് തുടങ്ങി ഒന്‍പത് വെബ്‌സൈറ്റുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നു.