X

സി.പി.എമ്മിനകത്ത് ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

കല്‍പ്പറ്റ: സി.പി.എമ്മിനകത്ത് ജാതി വിവേചനം ശക്തമാണെന്ന് ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുല്‍ത്താന്‍ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാര്‍ട്ടി കൊളത്തൂര്‍കുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവെച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്നും ബിജു കാക്കത്തോട് പറഞ്ഞു.

ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നത് നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂസമരം ആരംഭിച്ചതെന്നും അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്‍ഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു പറഞ്ഞു.

കൊടകര കുഴല്‍ പണ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിജു വ്യക്തമാക്കി.

 

webdesk17: