X

ബിജെപിയില്‍ ജാതി വിവേചനം; ഗുരുതര ആരോപണവുമായി പാര്‍ട്ടി വിട്ട വനിതാ നേതാവ്

തിരുവനന്തപുരം: ബിജെപിക്കുള്ളില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട തിരുവനന്തപുരത്തെ വനിതാ നേതാവ് ആര്‍.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ് എന്നും അവര്‍ ആരോപിച്ചു.

പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ഞാന്‍ ഇനി നേതാക്കളുടെ ചവിട്ടു പടിയാകാന്‍ ആഗ്രഹിക്കുന്നില്ല. 2010 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. സജീവ പ്രവര്‍ത്തകയായിരുന്നു. അതു പരിഗണിക്കാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓരോരുത്തരെ ഇറക്കുകയാണ്. വനിതാ വാര്‍ഡില്‍ തന്നെ മത്സരിപ്പിക്കാത്തത് പട്ടിക ജാതിയായതു കൊണ്ടാണോ? – അവര്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബിന്ദു രാജിവച്ചത്. ബിജെപി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു.

നവമാധ്യമങ്ങളില്‍ പങ്കുവെച്ച രാജിക്കത്ത് പിന്‍വലിക്കാന്‍ നേതാക്കളുടെ ഇടപെടലുണ്ടായി. ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സമാന അനുഭവമുണ്ടായെന്നും ഇനി ബിജെപിയിലേക്കില്ലെന്നും ബിന്ദു പറഞ്ഞു. ബിജെപിക്കുള്ളിലെ പോരിനെ തുടര്‍ന്ന് നേതാക്കളായപള്ളിത്താനം രാധാകൃഷ്ണനും വലിയശാല പ്രവീണും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടിരുന്നു.

 

 

Test User: