ജാതി സെന്‍സസ് വിഷയത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യ മുന്നണി നേതാവും, ആര്‍.ജെ.ഡി നേതാവുമായ് ലാലു പ്രസാദ് യാദവ്. സെന്‍സസ് നടത്താന്‍ നിര്‍ബന്ധിതരാകാന്‍ പ്രതിപക്ഷം സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ശേഖരിക്കുന്ന വിവരങ്ങള്‍ രാഷ്ട്രീയ കാരണങ്ങള്‍ക്കല്ല, അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ മാത്രമേ ജാതി സെന്‍സസിനെ പിന്തുണക്കൂ എന്ന് ആര്‍.എസ്.എസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
‘ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഞങ്ങള്‍ ചെവിയില്‍ പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെന്‍സസ് നടത്തിക്കുകയും ചെയ്യും. ജാതി സെന്‍സസ് നടത്താതിരിക്കാന്‍ അവര്‍ക്ക് എന്ത് അധികാരമുണ്ട്? ഞങ്ങളതിന് അവരെ നിര്‍ബന്ധിക്കും. ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ലാലു പ്രസാദ് ഹിന്ദിയില്‍ പോസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ പതിവ് വൈദ്യപരിശോധനക്കു ശേഷം പട്നയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. ലാലുവി?ന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ 2022 ഡിസംബറില്‍ സിംഗപ്പൂരില്‍ വിജയകരമായി നടത്തിയിരുന്നു.
രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്നും ബിഹാറിന്റെ ക്വോട്ട വര്‍ധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബര്‍ ഞായറാഴ്ച ആര്‍.ജെ.ഡി സംസ്ഥാന വ്യാപകമായി ഏകദിന ഉപരോധം സംഘടിപ്പിച്ചിരുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനും ജാതിസെന്‍സസിനും എതിരാണെന്ന് പട്നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ഭരണഘടനയുടെ ഷെഡ്യൂളില്‍ ബിഹാറിലെ നിരാലംബരായ ജാതിക്കാര്‍ക്കുള്ള വര്‍ധിപ്പിച്ച സംവരണം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നും യാദവ് ആരോപിച്ചു.