ജാതീയമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ദലിത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് അധ്യാപകന്‍ ജീവനൊടുക്കിയത്. ഗുജറാത്തിലെ അംറേലി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സ്‌കൂളില്‍ വച്ച് തന്നെയാണ് പ്രിന്‍സിപ്പല്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ ഗ്രാമമുഖ്യനും സഹ അധ്യാപകരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് മുമ്പായി അധ്യാപകന്‍ ഒരു വിഡിയോ സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. ഗ്രാമമുഖ്യന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും ഗ്രാന്റ് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുന്നുവെന്നും വിഡിയോയില്‍ പറയുന്നു. ഗ്രാമീണരെയും വിദ്യാര്‍ഥികളെയും എനിക്കെതിരെ തിരിക്കുകയാണ്. എന്നെയും എന്റെ ജാതിയെയും കുറിച്ച് വളരെ മോശമായ വിധത്തിലുള്ള മെസേജുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അധ്യാപകന്‍ വിഡിയോയില്‍ പറഞ്ഞു.
‘ഞാന്‍ താഴ്ന്ന ജാതിയില്‍ നിന്ന് വന്നയാളാണ്. അധ്യാപകനാണ്. ദയവുചെയ്ത് ആ ജോലി എന്നില്‍ നിന്ന് തട്ടിയെടുക്കരുത്. എന്റെ ജാതിയെ ആയുധമാക്കിയാണ് നിങ്ങള്‍ എന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഒരു ഗ്രാമമുഖ്യന്‍ എന്ന നിലക്ക് നിങ്ങള്‍ക്ക് ചെയ്യരുതാത്ത പ്രവൃത്തിയാണിത്’ വിഡിയോയില്‍ പറയുന്നു.