X

സാമൂഹിക നീതി ഉറപ്പാക്കാൻ ദേശീയതലത്തിൽ ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ്

സാമൂഹിക നീതി ഉറപ്പാക്കാനും സാമൂഹിക ശാക്തീകരണ പരിപാടികൾക്ക് ഉറച്ച അടിത്തറ നൽകാനും ദേശീയ തലത്തിൽ ജാതി സെൻസസ് ഉടൻ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട ബിഹാര്‍ സര്‍ക്കാരിന്റെ നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്‌തു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയെങ്കിലും അതിന്റെ ഫലം മോദി സർക്കാർ പ്രസിദ്ധീകരിച്ചില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപണം ഉന്നയിച്ചു. ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾ 84 ശതമാനം വരും. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്‍റെ അഞ്ച് ശതമാനം മാത്രം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ ചൂണ്ടിക്കാട്ടി.

ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട ജാതി സെന്‍സസിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പ്രധാന കണ്ടെത്തല്‍. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന്‌ സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്.

 

 

webdesk15: