ഡോ. രാംപുനിയാനി
കശ്മീര്‍ ഫയല്‍സ് സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ‘ദി കശ്മീര്‍ ഫയല്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാനും ഇസ്രാഈലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ് രംഗത്തിത്തെത്തിയതാണ് പുതിയ വിവാദത്തിന് ഹേതു.
തിയേറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടത് വല്ലാത്തൊരു അനുഭവമാണ്. ഭൂരിഭാഗം കാഴ്ചക്കാരിലും ഇത് നിഷേധാത്മകവും വിദ്വേഷകരവും വൈകാരികവുമായ പ്രതികരണത്തിന് പ്രേരണ നല്‍കുന്നു. സിനിമയുടെ അവസാനം ആരോ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങുന്നു, പിന്നെ തിയേറ്ററുകള്‍ ഏറ്റുവിളിക്കുന്നു. ശ്രീശ്രീ രവിശങ്കര്‍, ആര്‍. എസ്.എസ് മേധാവി മോഹന്‍ ഭഗവത്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരൊക്കെയാണ് സിനിമ കാണാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.
അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്‌ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ സൗഹാര്‍ദ്ദപരമായ എല്ലാ പ്രതിഭാസങ്ങളും ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങള്‍ ഏകപക്ഷീയമായി എടുത്തുകാണിക്കുന്നതാണ് ചിത്രം. തീവ്രവാദികളുടെ ക്രോധം നേരിട്ട മുസ്‌ലിംകളുടെ കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കാത്തതെന്ന് ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനോട് ചോദിച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ജര്‍മന്‍കാരും ജൂതന്മാരും കൊല്ലപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ പ്രതികരണം തീര്‍ത്തും തെറ്റായിരുന്നു. ജര്‍മനിയിലെ ജൂതന്മാരെപ്പോലെ പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും നാം ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു! തികച്ചും യുക്തിരഹിതമായ താരതമ്യം. ജര്‍മന്‍കാര്‍ തടങ്കല്‍പ്പാളയങ്ങളില്‍ മരിച്ചിട്ടില്ല, ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നയത്തിന്റെ ഇരകളായ ജൂതന്മാരാണ് ഓര്‍മിക്കപ്പെടുന്നത്.
മുസ്‌ലിംകള്‍ മാത്രമാണ് പണ്ഡിറ്റുകളെ കൊന്നതെന്ന് ജമ്മുകശ്മീരില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് വാദിക്കുന്നു. മുസ്‌ലിം സമുദായത്തെ മുഴുവന്‍ ഭീകരവാദികളുടെ നിറത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിത്. സ്വയംഭരണ വ്യവസ്ഥകളോടുള്ള എതിര്‍പ്പും അടിച്ചമര്‍ത്തലും കശ്മീരി യുവാക്കള്‍ക്കിടയില്‍ അസംതൃപ്തിയും അകല്‍ച്ചയും സൃഷ്ടിച്ചു. ഈ അന്യവത്കരണം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. തുടക്കത്തില്‍, അത് കശ്മീരിയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1980മുതല്‍ അത് ഇന്ത്യാ വിരുദ്ധമായി മാറുകയും പിന്നീട് ഹിന്ദു വിരുദ്ധ രൂപം കൈക്കൊള്ളുകയും ചെയ്തു. ജമ്മുകശ്മീര്‍ ബി.ജെ.പി നേതാവ് ടികലാല്‍ ടിപ്ലുവിന്റെ കൊലപാതകത്തിന് മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് യൂസഫ് ഹല്‍വായിയുടേതായിരുന്നു ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. രണ്ട് സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന വര്‍ഗീയ കലാപമായിരുന്നില്ല അത് എന്ന് നാം അറിയണം. അജണ്ട അടിസ്ഥാനമാക്കിയുള്ള ഭീകരാക്രമണമായിരുന്നു അത്.
‘പണ്ഡിറ്റുകള്‍ മാത്രം കൊല്ലപ്പെട്ടു’ എന്നത് ബോധപൂര്‍വമായ പച്ചക്കള്ളമാണ്. തെറ്റ് കാണിക്കുന്നത് സത്യം മറച്ചുവെക്കുന്നത് പോലെതന്നെ അപകടകരമാണെന്ന് സിനിമതന്നെ കാണിക്കുന്നു; അത് മുസ്‌ലികളുടെ കൊലപാതകങ്ങളും പലായനവും പൂര്‍ണമായും മറച്ചുവെക്കുന്നു. പണ്ഡിറ്റുകള്‍ക്ക് മാത്രമേ താഴ്‌വര വിടേണ്ടിവന്നിട്ടുള്ളൂവെന്ന് ചലച്ചിത്ര സംവിധായകന്‍ വിവിധ അഭിമുഖങ്ങളില്‍ പറയുന്നു. 50,000ത്തിലധികം മുസ്‌ലിംകള്‍ക്കും നാടുവിടേണ്ടിവന്നു എന്നതാണ് സത്യം. ഇപ്പോള്‍ താഴ്‌വരയില്‍ പണ്ഡിറ്റുകളില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വീണ്ടും ഒരു മുഴുനീള നുണ! താഴ്‌വരയില്‍ എണ്ണൂറോളം പണ്ഡിറ്റ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവെക്കുന്നു.
അവരുടെ സംഘടനയാണ് കശ്മീര്‍ പണ്ഡിറ്റ് സുരക്ഷാ സമിതി (കെ.പി.എസ്.എസ്). താഴ്‌വരയില്‍ താമസിക്കുന്ന പണ്ഡിറ്റുകളെ ഈ സിനിമ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് അതിന്റെ നേതാവ് സഞ്ജയ് ടിക്കൂ ഭയപ്പെടുന്നു. ഈ സിനിമ സമുദായങ്ങളെ ധ്രുവീകരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ജമ്മുകശ്മീരിലെയും മറ്റിടങ്ങളിലെയും ജനങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്‌തേക്കാമെന്നും അദ്ദേഹം ഭയപ്പെടുന്നു. കശ്മീരി മുസ്‌ലിംകളും പണ്ഡിറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു: ‘ഞങ്ങള്‍ കൂട്ട കുടിയേറ്റം എന്ന് വിളിക്കുന്നത് 1990 മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്. തീവ്രവാദ സംഘടനകള്‍ ദിവസേന ഹിറ്റ്‌ലിസ്റ്റുകള്‍ ഉണ്ടാക്കുകയും പള്ളികളില്‍ ഒട്ടിക്കുകയും ചെയ്തു. ഈ പട്ടികയില്‍ പണ്ഡിറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും മുസ്‌ലിംകളും ഉണ്ടായിരുന്നു. ഓരോ പണ്ഡിറ്റുകളും മുസ്‌ലിംകളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടായിരുന്നതിനാല്‍ വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷം രണ്ടാമന്‍ പേര് കണ്ടാല്‍ തന്റെ (പണ്ഡിറ്റ്) അയല്‍ക്കാരനെ അറിയിക്കും. തന്റെ സുഹൃത്ത്/അയല്‍ക്കാരനെയും അവരുടെ കുടുംബത്തെയും രക്ഷിക്കാന്‍ അവന്‍ ആഗ്രഹിച്ചു.
സംവിധായകന്റെയും സിനിമയെ ശുപാര്‍ശ ചെയ്യുന്നവരുടെയും പ്രോത്സാഹിപ്പിക്കുന്നവരുടെയും ഭിന്നിപ്പിക്കല്‍ അജണ്ടക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങളാണിത്. ‘സൂഫിയുടെ വാള്‍’ (സിനിമയിലെ അനുപം ഖേറിന്റെ സംഭാഷണം) ഇസ്‌ലാം സ്വീകരിച്ച പണ്ഡിറ്റുകള്‍/ഹിന്ദുക്കള്‍ മാത്രമാണ് കശ്മീരില്‍ അധിവസിച്ചിരുന്നത് എന്ന സ്റ്റീരിയോടൈപ്പും സിനിമ ഉപയോഗിക്കുന്നു. താഴ്‌വരയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്‌ലാം വ്യാപിച്ചതിന്റെ സത്യാവസ്ഥയില്‍നിന്ന് ഇത് വളരെ അകലെയാണ്. സൂഫി സന്യാസിമാര്‍ ആത്മീയതയ്ക്കും സ്‌നേഹത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന സൂഫി പാരമ്പര്യത്തെ കുറിച്ചുള്ള ചെറിയ അറിവ്‌പോലും നമ്മോട് പറയും. അങ്ങനെയാണ് ഇന്നുവരെയുള്ള മിക്ക സൂഫി ആരാധനാലയങ്ങളും ഹിന്ദുക്കളും മുസ്‌ലിംകളും സന്ദര്‍ശിക്കുന്നത്. പലരും ഇസ്‌ലാം മതം സ്വീകരിച്ചത് രാജാക്കന്മാരുടെ വാളിനേക്കാള്‍ ജാതി അതിക്രമങ്ങള്‍ മൂലമാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ‘മതപരിവര്‍ത്തനങ്ങള്‍ നടന്നത് ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ക്രൂരതകള്‍ കൊണ്ടല്ല, മറിച്ച് സവര്‍ണരുടെ അതിക്രമങ്ങള്‍ മൂലമാണ്’.