X
    Categories: MoreViews

മോദിയുടെ ക്യാഷ്‌ലെസ് ഇന്ത്യക്കെതിരെ ജെയ്റ്റ്‌ലി; കറന്‍സി രഹിത സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഷ് ലെസ് ഇന്ത്യയെന്ന പ്രഖ്യാപനത്തിനെതിരെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് പൂര്‍ണ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററികാര്യ ഉപദേശക സമിതിയുടെ അഞ്ചാമത് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനം മാത്രമാണ്. പൂര്‍ണമായും കറന്‍സി രഹിതമായ സാമ്പത്തിക ഘടന യാഥാര്‍ത്ഥ്യമാകില്ലെന്നും നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കാന്‍ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


കറന്‍സി സമ്പദ് വ്യവസ്ഥക്ക് അതിന്റേതായ സാമൂഹിക സാമ്പത്തിക ചെലവുകളും പരിമിതികളും ഉള്ളതിനാലാണ് സര്‍ക്കാര്‍ ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നത്.
നോട്ടുകളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനുമായി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഉന്നതതല സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

chandrika: