X

പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കുന്നു; കശുവണ്ടി മേഖലയിലും ആത്മഹത്യ

 

തിരുവനന്തപുരം: കശുവണ്ടി മേഖലയിലും ആത്മഹത്യകള്‍ വര്‍ധിക്കുന്നു. ബാങ്കുകളുടെ ജപ്തിഭീഷണിയെ തുടര്‍ന്ന് ഒരു വ്യവസായി ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജ് ധനകാര്യ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കശുവണ്ടി മേഖലയിലെ തൊഴിലാളികളും വ്യവസായികളും സമരം തുടങ്ങി. അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുകയും വ്യവസായം തകര്‍ച്ചയിലെത്തുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികളും ഫാക്ടറി ഉടമകളും പറയുന്നു. ഈ സാഹചര്യത്തില്‍ സാവധാനം നല്‍കാതെ ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് കടന്നതാണ് തിരിച്ചടിയായതെന്ന് സംയുക്തസമരസമിതി അധ്യക്ഷന്‍ ശശിധരന്‍ ആചാരി പറഞ്ഞു. സര്‍ഫാസി ആക്ടിന്റെ മറവിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നത്. കശുവണ്ടിമേഖലയിലെ പ്രതിസന്ധി പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുനരുദ്ധാരണ പാക്കേജുകള്‍ ആസൂത്രണം ചെയ്തുവരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ ഏകപക്ഷീയമായി ധനകാര്യസ്ഥാപനങ്ങള്‍ ജപ്തി പോലുള്ള നടപടികളിലേക്ക് കടന്നത് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി. ജപ്തി ഭീഷണിയെത്തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും അല്‍ഫാന ക്യാഷ്യൂ ഫാക്ടറി ഉടമ കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചതാണ് സമരം ശക്തമാക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം കനറാ ബാങ്ക് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഓഫീസിനു മുന്നിലാണ് തൊഴിലാളികള്‍ ഇന്നലെ ഏകദിന സൂചനാസമരം നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് നടപ്പില്‍വരുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും ആവശ്യം. ഇതിനുപുറമെ, നിലവിലുള്ള വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്യുക, പലിശനിരക്ക് പുനഃപരിശോധിക്കുക, മൈക്രോ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് പദ്ധതിയില്‍ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ള തുകയില്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് മുഖ്യപരിഗണന നല്‍കുക എന്നിവയാണ് തൊഴിലാളികളുടെയാവശ്യം. സൂചനാ സമരം കൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 6000 കോടി രൂപവരെ വിദേശനാണ്യം നേടിത്തരുന്ന പരമ്പരാഗത വ്യവസായമാണ് നിലവില്‍ വന്‍ പ്രതിസന്ധി നേരിടുന്നത്. സ്ത്രീതൊഴിലാളികളും അനുബന്ധതൊഴിലാളികളും അടക്കം മൂന്നുലക്ഷത്തിലധികം പേരാണ് കശുവണ്ടി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.

chandrika: