ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് 50,000മോ, അതിന് മുകളിലോ പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ചന്ദ്രബാബു നായിഡു അദ്ധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ സമിതി. പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് നികുതി നിര്‍ദ്ദേശം. 2005ല്‍
കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ സര്‍ക്കാറിന് മുമ്പാകെ ഇങ്ങനെയൊരു നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പ്രതിഷേധം കാരണം നടപ്പിലാക്കിയിരുന്നില്ല.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഡിജിറ്റല്‍ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ അവ ലഭ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സമിതിയുടെ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണെമന്നും ഉപഭോക്താവിനെ തിരിച്ചറിയുന്നതിന് ആധാര്‍ കാര്‍ഡ് പ്രധാന തിരിച്ചറിയല്‍ രേഖയാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. എല്ലാ കച്ചവടക്കാരും ഡിജിറ്റല്‍ ഇടപാടിലേക്ക് മാറണം, ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടിലൂടെ നികുതി ആനുകൂല്യങ്ങള്‍( വാര്‍ഷിക വരുമാനത്തിനനുസരിച്ച്) ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാമെന്നും സമിതി വ്യക്തമാക്കുന്നു.
ഫെബ്രുവരി ഒന്നിനുള്ള ബജറ്റ് അവതരണത്തില്‍ ഇവയുള്‍പ്പെടുത്തണമെന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. സൈബര്‍ രംഗത്തെ സുരക്ഷിതത്വവും വെല്ലുവിളികളുമാണ് ഇനി പരിശോധിക്കാന്‍ പോകുന്നതെന്നു ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നു. ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സിക്കിം മുഖ്യമന്ത്രി പി.കെ ചാംലിങ്, പുതുച്ചേരിയുടെ വി നാരായണ്വാമി, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗേരിയ, സിഇഒ അമിതാഭ് ഖാന്ത് എന്നിവരാണ് സിമിതിയിലെ മറ്റു അംഗങ്ങള്‍.