X
    Categories: CultureMoreViews

മോദി പറഞ്ഞ ‘അച്ഛേ ദിന്‍’ വെറും 15 പേര്‍ക്ക് മാത്രമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നീരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും പോലെയുള്ള 15 പേര്‍ക്കാണ് നല്ല ദിനങ്ങള്‍ വന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും മോദി ഭരണം മോശം ദിനങ്ങളാണ് സമ്മാനിച്ചത്. നീരവ് മോദിയെ നീരവ് എന്നും മെഹുല്‍ ചോക്‌സിയെ മെഹുല്‍ ഭായ് എന്നും വിളിക്കുന്ന അടുപ്പമാണ് മോദിക്ക് ഇരുവരുമായുള്ളതെന്നും രാഹുല്‍ ആരോപിച്ചു. തന്റെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാജ്യത്ത് പെട്ടന്നുണ്ടായ നോട്ട് ക്ഷാമത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ തകര്‍ത്തു. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ബാങ്കിങ് മേഖലയെ പിടികൂടിയിരിക്കുന്നത്. പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് 500, 1000 രൂപ നോട്ടുകള്‍ തട്ടിപ്പറിച്ച് പ്രധാനമന്ത്രി നീരവ് മോദിമാരുടെ പോക്കറ്റുകള്‍ നിറക്കുകയാണ്. 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തി നീരവ് മോദി രാജ്യം വിട്ടു, എന്നിട്ടും അതിനെ കുറിച്ച് ഒരു വാക്ക് മിണ്ടാന്‍ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുന്നുവെന്ന ബി.ജെ.പി ആരോപണത്തെ രാഹുല്‍ തള്ളിക്കളഞ്ഞു. പാര്‍ലമെന്റില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പ്രധാനമന്ത്രിക്ക് ഭയമാണ്. പ്രധാനമന്ത്രി രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ ഒരു 15 മിനിറ്റ് സംസാരിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: