X

‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു

പത്തനംത്തിട്ട: കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിനെതിരെ പത്തനംത്തിട്ട കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു.

153 ബി പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ഇന്റന്‍ഷന്‍ ടു നാഷണല്‍ ഓണര്‍ ആക്ട് 1971 സെക്ഷന്‍ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ആര്‍.എസ്.എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കീഴ്‌വായ്പൂര്‍ എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

പരാമര്‍ശം ഉണ്ടായ ഈ മാസം 12ന് ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കീഴ്‌വായ്പൂര്‍ പൊലീസിലും ജില്ലാ മേധാവിക്കും അരുണ്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. മതവികാരം വ്രണപ്പെടുത്തല്‍, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കല്‍ തുടങ്ങിയവ പരാമര്‍ശത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിവാദമായതോടെ കുറിപ്പ് പിന്‍വലിച്ചെങ്കിലും ജലീലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Chandrika Web: