മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍, വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ജൂണ്‍ 7ലേക്ക് മാറ്റി. വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ ആറിനാണ് കേസ് പരിഗണിക്കുന്നത്.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും പതിനേഴ് മന്ത്രിമാരെയും എതിര്‍കക്ഷകളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ആര്‍.എസ്.ശശികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.
ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയില്‍ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതായതിനാല്‍ വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ വാദം കേട്ട ലോകായുക്ത
ഡിവിഷന്‍ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.