X

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യംചെയ്യും

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്‍കി. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.

കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടി. ഗണ്‍മാന്‍ അനില്‍ കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്‍. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കും.

അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ജോലിയുടെ ഭാഗമായുള്ള പ്രവര്‍ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

webdesk13: