കെ.പി ജലീല്‍
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പേരില്‍ വ്യാജമാര്‍ക്ക് ലിസ്റ്റ് മഹാരാജാസ് കോളജിന്റെ വെബ്‌സൈറ്റില്‍ വന്നതിനെതിരെ നടപടിയെടുക്കാതെ മാധ്യമപ്രവര്‍ത്തകക്കും കെ.എസ്.യു നേതാക്കള്‍ക്കുമെതിരെ കേസുമായിമുന്നിട്ടിറങ്ങിയ സംസ്ഥാനപൊലീസ് നടപടി സി.പി.എമ്മിനെ വെട്ടിലാക്കി. ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയത്തില്‍ കുരുക്കില്‍ നിന്ന് തലയൂരാനാകാതെ നാണക്കേടിലായിരിക്കുകയാണ് സി.പി.എം. എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കം പ്രതിഷേധവും പ്രസ്താവനയുമായി രംഗത്തുവന്നിട്ടും പിന്തിരിയാനാകാതെ കുടുങ്ങിയിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും.
എടുത്ത കേസ് പിന്‍വലിച്ചാല്‍ ഇതുവരെ പറഞ്ഞ ന്യായങ്ങളെല്ലാം വൃഥാവിലാകുമെന്ന ഭയമാണ് കാരണം. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് രാജ്യത്ത് അപൂര്‍വമാണ്. ബി.ജെ.പി സര്‍ക്കാരുകളാണ് ഇത് ചെയ്യാറ്. വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകജോലി നേടിയ എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കോളജില്‍ ചെന്ന മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറാണ് ആര്‍ഷോയുടെ പേരിലുള്ള പരാതി റിപ്പോര്‍ട്ട് ചെയ്തത്. ഇതാകട്ടെ കെ.എസ്.യു നേതാവ് പറഞ്ഞ ആരോപണമായാണ്. എന്നിട്ടും മാധ്യമപ്രവര്‍ത്തക ഗൂഢാലോചന നടത്തിയെന്ന ്പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസ് ഉടന്‍ പിന്‍വലിക്കണമെന്നാണ് പത്രപ്രവര്‍ത്തകയൂണിയനും ഗില്‍ഡും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരത്തില്‍ കേസെടുക്കുകയാണെങ്കില്‍ കൈരളിക്കും ദേശാഭിമാനിക്കുമെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിവസവും കേസെടുക്കേണ്ടിവരും. ആരോപണങ്ങള്‍ അതേ പടി റിപ്പോര്‍ട്ട് ചെയ്യുന്ന പതിവ് ഈ മാധ്യമങ്ങളുടെ പതിവാണ്. മുമ്പ് അയ്യായിര ംകോടിയുടെ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഉന്നയിച്ചത്. ഇത് അപ്പടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എല്ലാ മാധ്യമങ്ങളും. സരിതകേസിലും ഇതുതന്നെയായിരുന്നു സ്ഥിതി. ചാരക്കേസില്‍ മാധ്യമങ്ങളുടെ പങ്ക് വെളിപ്പെടുത്തപ്പെട്ടിട്ട് പോലും ഗൂഢാലോചന ആരോപണമുയരുകയോ കേസെടുക്കുകയോ ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നിരിക്കെ അതിനെതിരെ നിത്യവും പ്രസംഗിക്കുന്ന സി.പി.എം നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകക്കെതിരായ കേസിനെ ന്യായീകരിക്കുന്നതിവെ വിരോധാഭാസം ഇടതുപക്ഷബുദ്ധിജീവികള്‍ പോലും ചൂണ്ടിക്കാട്ടുന്നു. വരുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിയാന്‍ കേരളത്തിലെ കേസും ഇടയാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.