കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗാലപുരത്ത് നിന്നും കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ്പറത്ത് വീട്ടില്‍ ബിനില്‍ സോമസുന്ദരത്തിനെതിരെയാണ് 153 എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇയാളുടെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പലരും പരാതി നല്‍കിയിരുന്നു. ബിനിലിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസും ഉറപ്പ് നല്‍കിയിരുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്തെന്നായിരുന്നു ഇയാളുടെ പരാമര്‍ശം വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഫേസ്ബുക്ക് പിന്‍വലിക്കുകയും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് മറ്റൊരു കുറിപ്പിടുകയും ചെയ്‌തെങ്കിലും ട്വിറ്ററിലും സമാനമായ പോസ്റ്റിട്ടത് ഇയാളുടെ നുണ പൊളിച്ചു. തുടര്‍ന്ന് മദ്യലഹരിയിലായിരിക്കുമ്പോഴാണ് പോസ്റ്റിട്ടതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്ത് വരികയും ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച് നിയമ നടപടികളെടുക്കുമെന്നും ഇയാള്‍ പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയില്‍ ആചാരം സംരക്ഷണം എന്ന പേരില്‍ ഇയാള്‍ സന്നിധാനത്തും പരിസത്തും നില്‍ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫേസ്ബുക്ക് വാളിലുണ്ട്.