കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. അതേസമയം, സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. വിടുതല്‍ ഹര്‍ജി തളളിയതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.
കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബിഎ ആളൂര്‍ ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാന്‍ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
കേസില്‍ ഒന്നാം പ്രതിയായ ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാണ് എത്തിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍.
2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും മരണപ്പെട്ടു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വേഷണത്തിലേക്ക് എത്തിച്ചതും.