കൊച്ചി: കഠ്‌വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരം പനങ്ങാട് പൊലീസാണ് കൊച്ചി മരട് സ്വദേശിയായ വിഷ്ണുവിനെതിരെ കേസെടുത്തത്.
മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐ.പി.സി 153 എ വകുപ്പുപ്രകാരമാണ് കേസെടുത്തത്. കൊട്ടാക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായ വിഷ്ണുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിരവധി സംഘടനകളും വ്യക്തികളും വിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി.
ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യം പ്രതിഷേധിക്കുന്നിതിനിടെ മനുഷ്യത്വരഹിതമായ വിഷ്ണുവിന്റെ കമന്റ് സമൂഹമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനത്തിനിടയാക്കി. കുട്ടി മരിച്ചത് നന്നായി എന്നര്‍ത്ഥത്തിലുള്ള വര്‍ഗീയ പോസ്റ്റാണ് ഇയാള്‍ ഇട്ടത്.
‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി… അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണു പോസ്റ്റിട്ടത്. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്ത് വിഷ്ണു തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങള്‍ ബാങ്കിനു നേരെ തിരിഞ്ഞു.
കൊടക് മഹീന്ദ്ര ബാങ്ക് ഷെയര്‍ ചെയ്ത എല്ലാ പോസ്റ്റുകള്‍ക്കും താഴെ വിഷ്ണുവിനെതിരെ പ്രതിഷേധ കമന്റുകള്‍ ആളുകള്‍ പോസ്റ്റു ചെയ്യുകയും ബാങ്കിനു മുന്നില്‍ ബാനറുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.