ഉഡുപ്പി പാരാമെഡിക്കല്‍ കോളേജ് ക്യാമറ വിവാദത്തിന്റെ അന്വേഷണം എന്‍.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ 3 പേര്‍ക്കെതിരെ ഉഡുപ്പി പൊലീസ് സ്വമേധയാ കേസെടുത്തു. വി.എച്ച്.പി മേഖല കണ്‍വീനര്‍ ശരണ്‍ പമ്പുവെല്‍, ഉഡുപ്പി ജില്ല സെക്രട്ടറി ദിനേശ് മെന്‍ഡന്‍, മഹിളാ മോര്‍ച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടി എന്നിവര്‍ക്ക് എതിരെയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് കേസെടുത്തത്.
‘ഹിന്ദു അമ്മമാര്‍ ഉണരണം, ചൂലേന്തും കൈകളില്‍ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാന്‍ സന്നദ്ധരാവണം’എന്നാണ് ശരണ്‍ പറഞ്ഞത്. ‘നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ ആദിഉഡുപ്പി നഗ്‌നത കേസും ഹരിയടുക്ക ഹസനബ്ബ കൊലക്കേസും ആവര്‍ത്തിക്കും’ എന്നായിരുന്നു ദിനേശിന്റെ ഭീഷണി. ‘മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലും കോളേജിലും പ്രവേശനം നല്‍കരുത്, അവര്‍ വല്ല മദ്‌റസയിലും പഠിക്കട്ടെ’ എന്നായിരുന്നു മഹിളാ മോര്‍ച്ച നേതാവായ വീണ ഷെട്ടി പ്രസംഗിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഉഡുപ്പിയില്‍ നടത്തിയ റാലിയിലായിരുന്നു വിദ്വേഷ പ്രസംഗം. രശ്മി സാമന്ത്, ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ കെ.ആര്‍. സുനില്‍,വി.എച്ച്.പി ജില്ല പ്രസിഡന്റ് വിഷ്ണു മൂര്‍ത്തി ആചാര്യ, കിഷോര്‍ മംഗളൂരു, ഹര്‍ഷിത് കൊയ്‌ല എന്നിവരും പ്രസംഗിച്ചു.