തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാതെ മടങ്ങുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുശേഷം പി.സി.ജോര്‍ജിനെതിരെ നീങ്ങുമെന്നാണ് സൂചന .
പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പി.സി ജോര്‍ജ് അപമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വെച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ.ശശി എംഎല്‍എക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.