പാലക്കാട്: ബിജെപിയുടെ വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് കുറ്റം. മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്.
വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായി എത്തിയവരാണ് ബാനര്‍ സ്ഥാപിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് ബാനര്‍ നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ വിമര്‍ശനമുയര്‍ന്നു.
ബുധനാഴ്ച ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയത്. മിനിറ്റുകള്‍ക്കകം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
പൊതുസ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡിസിസി പ്രസിഡന്റും എംപിയുമായ വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുളളവരും രംഗത്തെത്തി.